കണ്ണൂർ ആറളം വനമേഖലയിൽ മാവോയിസ്റ്റ് ആക്രമണം; വാച്ചര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു

Jaihind Webdesk
Monday, October 30, 2023

Maoist Attack

 

കണ്ണൂര്‍: ആറളം വനമേഖലയിൽ മാവോയിസ്റ്റുകളുടെ ആക്രമണം. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി വന മേഖലയിൽ വെച്ച് മാവോയിസ്റ്റുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. കണ്ണൂര്‍ ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിനകത്ത് നായാട്ടു വിരുദ്ധ സ്‌ക്വാഡിന് അരിയും സാധനങ്ങളും എത്തിക്കാന്‍ പോവുകയായിരുന്ന വനപാലകരുടെ സംഘത്തിനു നേരെയാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്.

അ‍ഞ്ചംഗ സായുധസംഘമാണ് വനത്തിലുണ്ടായിരുന്നതെന്ന് വാച്ചര്‍മാര്‍ പറയുന്നു. വാച്ചര്‍മാരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആറു റൗണ്ട് വെടിയുതിര്‍ത്തു. വയനാട് കമ്പമലയില്‍ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘം തന്നെയാണ് ചാവച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പതിവായി മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് ആറളം വനമേഖല. സംഭവത്തെതുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉന്നത വനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ആറളം വന്യജീവി സങ്കേതത്തിന്‍റെ ഏറ്റവും ഉയര്‍ന്ന മേഖലയായ അമ്പലപ്പാറയിലാണ് നായാട്ടു വിരുദ്ധ സ്‌ക്വാഡ് ക്യാമ്പ് ചെയ്യുന്നത്. അവിടേക്ക് സാധനങ്ങള്‍ കൊണ്ടു പോകുകയായിരുന്ന മൂന്നംഗ വനം വാച്ചര്‍മാരുടെ സംഘത്തിനു നേരെയാണ് മാവോയിസ്റ്റ് വെടിവെപ്പുണ്ടായത്. കോളനിയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട താല്‍ക്കാലിക വാച്ചര്‍മാരാണ് വനപാലക സംഘത്തില്‍ ഉണ്ടായിരുന്നത്.