‘പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവ്, മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി’; പി. ജയരാജനെതിരെ മനു തോമസ്

 

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെ വെല്ലുവിളിച്ച് പാർട്ടി നടപടി നേരിട്ട മനു തോമസ്. ഉന്നത പദവിയിൽ ഇരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവ് ആണ് പി. ജയരാജനെന്ന് മനു തോമസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ഫാൻസുകാർക്ക് വേണ്ട കണ്ടന്‍റ് പാർട്ടിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ചു. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിയെ മാറ്റി. ജയരാജന്‍റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നേരത്തെ മനു തോമസിനെതിരെ പി. ജയരാജൻ രംഗത്തുവന്നിരുന്നു. മാധ്യമങ്ങളുടെ സിപിഎം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത് എന്നായിരുന്നു പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പി. ജയരാജന്‍ തുടങ്ങിവെച്ച സ്ഥിതിക്ക് ഇനി ഒരു സംവാദം തന്നെ ആകാമെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ വെല്ലുവിളിച്ചു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വിവാദത്തില്‍ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവന്നിരുന്നു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്‍റെ പേരെടുത്ത് പറഞ്ഞാണ് മനു തോമസിന്‍റെ പരാതി. കത്തു പുറത്തുവന്നതിനു പിന്നാലെ മനു തോമസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തി. എം. ഷാജറിന് എതിരെ മനു തോമസ് പരാതി നൽകിട്ടില്ലെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മനു തോമസിന്‍റെ പരാതി പാർട്ടി പരിശോധിച്ചതാണെന്നും വസ്തുതയില്ലെന്ന് ബോധ്യപ്പെട്ടതാണെന്നുമാണ് എം.വി. ജയരാജന്‍ വിശദീകരിച്ചു.

എന്നാല്‍ തന്‍റെ പരാതിയിൽ പാർട്ടി നടത്തിയ അന്വേഷണം പ്രഹസനമാണെന്ന് മനു തോമസ് പ്രതികരിച്ചു. ക്വട്ടേഷൻ സംഘത്തിൽനിന്ന് ചോർന്ന ടെലിഫോൺ ശബ്ദരേഖ സഹിതം നൽകിയിട്ടും ആ നിലയ്ക്ക് ഒരന്വേഷണവും നടത്താതെ കുറ്റക്കാർക്കൊപ്പം നിൽക്കുകയാണ് നേതൃത്വം ചെയ്തതെന്നും മനു തോമസ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ പരസ്യമായി തള്ളിപ്പറയുന്ന പലരും ഇന്നും അവരുമായി നല്ല അടുപ്പത്തിലാണെന്നും  തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ കുറ്റക്കാർക്കൊപ്പം നിന്നതിനാലാണ് പാർട്ടിയുമായി അകന്നുതുടങ്ങിയതെന്നും മനു തോമസ് പറയുന്നു.

Comments (0)
Add Comment