മന്‍സൂർ വധം : രണ്ടാം പ്രതിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം തുടരുന്നു ; കൊലപാതകമെന്ന സംശയത്തിന് ബലമേറുന്നു

കണ്ണൂർ : പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ ദുരൂഹമരണത്തില്‍ അന്വേഷണം തുടരുന്നു. രതീഷിന്‍റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മന്‍സൂര്‍ കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

മരണത്തിന് അല്‍പ്പസമയം മുമ്പാണ് പാനൂർ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിനിടയില്‍ ഉണ്ടായതാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മന്‍സൂര്‍ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി.

തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പര്‍ജന്‍ കുമാറും അന്വേഷണ ഉദ്യോഗസ്ഥന്‍ പി വിക്രമനും ഇന്നലെ പാനൂരിലെത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലവും മന്‍സൂറിന്‍റെ വീടും സംഘം സന്ദര്‍ശിച്ചു. മുഹ്സിനോട് വിശദമായി സംസാരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്‍റെ രേഖകളും ശേഖരിക്കും. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം നടക്കുന്നുണ്ട്. ‌‌‌നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.

Comments (0)
Add Comment