ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ‘ലെറ്റൗട്ട്’ ആകും: മനോജ് കുമാര്‍

Jaihind News Bureau
Friday, May 22, 2020

 

മദ്യ വ്യവസായികളുടേയും ബാര്‍ ഉടമകളുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി പൊതുമേഖലയില്‍ മാത്രമായിരുന്ന മദ്യവിതരണം അബ്കാരി ചട്ടഭേദഗതികളോടെ സ്വകാര്യമേഖലയ്ക്ക് കൂടി അനുവദിച്ചത് വഴി പൊതുഖജനാവിന് ഉണ്ടാകുന്ന കോടികളുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ് മനോജ് കുമാര്‍.

അഴിമതിക്കായി നടത്തിയ അബ്കാരി ചട്ട ഭേദഗതി പിന്‍വലിക്കുക, റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് വിപണിയും ന്യായവിലയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്കാരി ചട്ട ഭേദഗതിയിലൂടെ മദ്യ വിതരണത്തിന്റെ നാലില്‍ മൂന്ന് ഭാഗവും സ്വകാര്യ മേഖലയില്‍ എത്തിച്ചേരും. മുന്‍പ് ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ 301 കേന്ദ്രങ്ങള്‍ വഴി ആയിരുന്നു മദ്യ വിതരണം നടത്തിരുന്നത്. എന്നാല്‍ ചട്ട ഭേദഗതി വരുത്തിയതോടെ 962 സ്വകാര്യ വ്യക്തികളുടെ വിതരണ കേന്ദ്രങ്ങളില്‍ കൂടി മദ്യ വില്‍പ്പന നടത്താനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സ്വകാര്യ ബാര്‍ ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതു വഴി പൊതുമേഖലയില്‍ മാത്രമായി നിലനില്‍ക്കുന്ന കുത്തകനഷ്ടമായി.

ഇതുവഴി, മദ്യ വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ നാലില്‍ മൂന്ന് ഭാഗവും സ്വകാര്യവ്യക്തികള്‍ക്ക് കൂടി പങ്കുവയ്ക്കുന്ന സ്ഥിതിയായി പൊതുമേഖലയെ തകര്‍ത്ത് ഖജനാവിന് നഷ്ടമുണ്ടാക്കി സ്വകാര്യവ്യക്തികളെ സഹായിക്കുന്നത് അഴിമതി തന്നെയാണ്. ബാര്‍ ഉടമകളുടെ പരിലാളനയോടെ അധികാരത്തിലേറിയ ഇടതി സര്‍ക്കാര്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ബാര്‍ ഉടമകളെ പ്രീതിപ്പെടുത്താന്‍ നടത്തിയ അബ്കാരി ചട്ടഭേദഗതിയോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ലെറ്റൗട്ട് ആകുമെന്നും മനോജ് കുമാര്‍ പറഞ്ഞു.