ജയ്പൂർ: രാജസ്ഥാനില്‍നിന്ന് കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർഥിയായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നാമനിര്‍ദേശപ്രതിക സമർപ്പിച്ചു. ജയ്പൂരിലെത്തിയാണ് മന്‍മോഹന്‍ സിംഗ് പത്രിക സമർപ്പിച്ചത്. ബി.ജെ.പിയുടെ രാജ്യസഭാ എം.പി മദൻലാൽ സെയ്‍നി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മൻമോഹൻ സിംഗ് മത്സരിക്കുന്നത്.
വിമാന മാർഗമാണ് മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയത്. രാജസ്ഥാന്‍ കോൺഗ്രസ് പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് അദ്ദേഹത്തെ സ്വീകരിച്ചു. നാല് സെറ്റ് നാമനിർദ്ദേശ പത്രികകൾ ഡോ. മന്‍മോഹന്‍ സിംഗ് സമർപ്പിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മന്‍മോഹന്‍ സിംഗ് നാമനിർദേശപത്രിക സമർപ്പിച്ചത്. അന്തരിച്ച മദന്‍ലാല്‍ സെയ്നിയുടെ കുടുംബാംഗങ്ങളെ മന്‍മോഹന്‍ സിംഗ് അനുശോചനം അറിയിച്ചു.
100 എം.എൽ.എമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം.എൽ.എമാർ എന്നിവരുടെ പിന്തുണയോടെയാണ് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അതേസമയം ബി.ജെ.പി തങ്ങളുടെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 200 എം.എല്‍.എമാരുള്ള രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് 73 അംഗങ്ങളാണുള്ളത്.