കണ്ണൂര്‍: ഗാസയിലെ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ക്ക് തുടക്കമായി. അഴീക്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തളാപ്പ് സംഗീത കലാക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച ‘മാനിഷാദ’ ഐക്യദാര്‍ഢ്യ സദസ്സ് ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തില്‍ മാര്ട്ടിന് ജോര്‍ജ്ജ് ഇസ്രായേല്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചു. ‘ലോകരാജ്യങ്ങളാകെ യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കുമ്പോഴും അതൊന്നും ചെവിക്കൊള്ളാതെ ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രായേലിലെ ഭീകര ഭരണകൂടം,’ അദ്ദേഹം പറഞ്ഞു.
ഏതൊരു ഭീകരതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന് മാര്ട്ടിന് ജോര്‍ജ്ജ് ഊന്നിപ്പറഞ്ഞു. ഒരു രാജ്യത്തെയും ഭീകരത രക്ഷിക്കില്ല, മറിച്ച് ആ രാജ്യത്തെ ജനങ്ങളെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുക മാത്രമേ ചെയ്യുകയുള്ളൂ. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് എക്കാലവും ഫലസ്തീന് വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പുനലൂര്‍ പ്രഭാകരന് മുഖ്യ പ്രഭാഷണം നടത്തി. കെ.എന്‍.പി. ഹാരിസ് അഹമ്മദ് ഉള്‍പ്പെടെ നിരവധി പേര് സംസാരിച്ചു. വിവിധ ഇടങ്ങളില്‍ നടന്ന പരിപാടികളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.