മണിപ്പുർ കലാപം: പാർലമെന്‍റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രാഷ്ട്രപതിയെ കണ്ട് ‘ഇന്ത്യ’ സഖ്യം

Wednesday, August 2, 2023

 

ന്യൂഡല്‍ഹി: മണിപ്പുർ വിഷയത്തില്‍ പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ തടസപ്പെട്ടതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. ‘ ഇന്ത്യ’ പ്രതിപക്ഷ സഖ്യം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മണിപ്പുർ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്‍റെയും നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കിയത്.

തുടർച്ചയായ പത്താം ദിവസവും പ്രതിപക്ഷം പാർലമെന്‍റ് നടപടികൾ സ്തംഭിപ്പിച്ചു. വിഷയത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.  ഇന്ത്യ സഖ്യത്തിലെ നേതാക്കൾ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേർന്നിരുന്നു. സഭാനടപടികൾ സ്തംഭിപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷo തീരുമാനിച്ചത്. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ലോക്സഭയിൽ ഇന്നും ശക്തമായ പ്രതിഷേധം ഉയർത്തിയത്.

11 മണിക്ക് ചേർന്ന ലോക്സഭാ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു മണിവരെ നിർത്തിവെക്കുകയായിരുന്നു. രണ്ടുമണിക്ക് ശേഷം പുനരാരംഭിച്ച സഭയിലെ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിപക്ഷം തയാറായില്ല. മണിപ്പൂരിന് വേണ്ടി പ്ലക്കാർഡുകളും ഏന്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ പരിഗണനയ്ക്ക് വേണ്ടി ഇന്ന് ലോക്സഭയിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു

അതിനിടെ മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭ്യർത്ഥന രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തിൽ പതിനൊന്നരയോടുകൂടി ‘ഇന്ത്യ’ സഖ്യനിരയിലെ നേതാക്കൾ രാഷ്ട്രപതിയെ കാണുകയുണ്ടായി. മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന ആവശ്യം വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയമാണെന്നും മണിപ്പൂരിൽ തുടരുന്ന അക്രമങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിന് നൽകണമെന്നും സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു.

ഇന്ത്യ സഖ്യത്തിനു വേണ്ടി കോൺഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗഗോയ്, കൊടിക്കുന്നിൽ സുരേഷ്, പൗലോ ദേവി തുടങ്ങിയവർ രാഷ്ട്രപതിയെ കാണുവാൻ ഉണ്ടായിരുന്നു. എൻസിപിക്ക് വേണ്ടി ശരദ് പവാറും, ആം ആദ്മി പാർട്ടിക്ക് വേണ്ടി സഞ്ജയ് സിംഗും, സുശീൽ ഗുപ്തയും പ്രതിനിധി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ശിവസേനക്ക് വേണ്ടി അരവിന്ദ് സാവന്ത്, ആർജെഡിക്ക് വേണ്ടി മനോജ് കുമാർ ഝാ, സമാജ് വാദി പാർട്ടിക്ക് വേണ്ടി ജാവേദ് അലി ഖാൻ, ഡിഎംക ക്ക് വേണ്ടി കനിമൊഴി, തൃണമൂൽ കോൺഗ്രസിന് വേണ്ടി സുഷ്മിത ദേവ്, ആർഎസ്പിയിൽ നിന്ന് എം.കെ പ്രേമചന്ദ്രൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി ഇ.ടി മുഹമ്മദ് ബഷീർ, സിപിഎമ്മിൽ നിന്ന് റഹീം, സിപിഐക്ക് വേണ്ടി സന്തോഷ് കുമാർ എന്നിവരും  പ്രതിനിധികളായി.