മണിപ്പൂരിൽ സംസ്ഥാന സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുന്നു: കലാപബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് കോണ്‍ഗ്രസ് എംപിമാർ

Jaihind Webdesk
Wednesday, June 14, 2023

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് കോണ്‍ഗ്രസ് എംപിമാർ. മണിപ്പൂരിൽ സർക്കാർ തന്നെ അക്രമികൾക്ക് സഹായം ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ പറഞ്ഞു. കലാപ ബാധിത മേഖലകളിൽ 2 ദിവസത്തെ സന്ദർശനത്തിനത്തിന് എത്തിയതായിരുന്നു എം.പിമാർ.

അക്രമികൾ സമ്പൂർണ്ണമായി തകർത്ത ഇംഫാലിലെ സെന്‍റ് പോൾസ് ദേവാലയം, പാസ്റ്ററൽ സെന്‍റർ ക്യാമ്പസ്, ഇംഫാൽ നഗരത്തിൽ പൂർണ്ണമായും അക്രമികൾ അഗ്നിക്കിരയാക്കിയ വൈഫൈ വെംഗ് തെരുവും കഴിഞ്ഞ ദിവസം രാത്രി കർഫ്യൂ ലംഘിച്ച് അതിക്രമിച്ച് കയറി തകർക്കാൻ ശ്രമിച്ച സെന്‍റ് ജോസഫ്സ് ഹയർ സെക്കന്‍ററി സ്കൂൾ എന്നീ മേഖലകള്‍ ഇരുവരും സന്ദർശിച്ചു. തുടർന്ന് സർക്കാർ കണക്കിൽ തന്നെ 11,000 ആളുകൾ ക്യാമ്പിൽ കഴിയുന്ന കങ്ഗോക്പി ജില്ലയിലെ ഹെങ്ബുങ് ക്യാമ്പും സ്ഥലം എംഎൽഎ ഹൗച്ച്ലെറ്റ് കിപ്ഗെന്‍റെ വസതിയും സന്ദർശിച്ചു.

 

 

ഇന്ന് രാവിലെ മുതൽ ഏറ്റവും കൂടുതൽ അക്രമവും കൊളളിവെപ്പുമുണ്ടായ ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാങ് മേഖലയിലും സന്ദർശനം നടത്തി. തുടർന്ന് 37,000 ആളുകൾ ക്വാമ്പിൽ കഴിയുന്ന ചുരചാന്ദ്പുർ മേഖലയിലെ ഡോൺ ബോസ്കോ സ്കൂളിലും തുബ്വാഗ് മേഖലയിലെ ക്യാമ്പുകളും എംപിമാർ സന്ദർശിച്ചു.  എംപിമാർക്കൊപ്പം പട്നാ രൂപതാ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുര, മണിപ്പൂർ രൂപത വികാരി ജനറൽ ഫാ. വർഗീസ് വേലിക്കകത്ത്, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി, ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ഫാ. ജോൺസൺ തേക്കടയിൽ, കൂടാതെയുള്ള ദുരിതാശ്വാസ പ്രവർത്തകരും ഉണ്ടായിരുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി പതിനായിരക്കണക്കിന് ആളുകളാണ് പ്രാണരക്ഷാർത്ഥം ഓടി ക്യാമ്പുകളിൽ അഭയം പ്രാപിച്ചു ഭയത്തോടെ കഴിയുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്ന് എംപിമാർ വ്യക്തമാക്കി. കേന്ദ്ര സേനയും അർധസൈനിക വിഭാഗങ്ങളും  സംസ്ഥാന പോലീസും ഒരുമിച്ചു ചേർന്നിട്ടും അക്രമികളെ തടയാൻ കഴിയാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമ്പൂർണ്ണ പരാജയത്തെയാണ് കാണിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് പോലും നൽകപ്പെടുന്ന സഹായങ്ങൾ വിതരണം ചെയ്യുന്നത് പക്ഷപാതപരമായിട്ടാണെന്നു പോലും പരാതിയുള്ളതായും എംപിമാർ ചൂണ്ടിക്കാട്ടി.