മണിപ്പൂർ മുഖ്യമന്ത്രി രാജി സമർപ്പിച്ചു: രാജി ബിജെപി നേതൃത്വ സമ്മർദത്തിനു വഴങ്ങിയോ?

Jaihind News Bureau
Sunday, February 9, 2025

ഡല്‍ഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗിന്‍റെ  രാജിയാവശ്യപ്പെട്ടിരിക്കുന്നെന്ന് സൂചനകൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ, അദ്ദേഹം ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ നിർണായക ചർച്ചക്കുശേഷമാണ് ബിരേൻ സിം​ഗ് ഈ നടപടി സ്വീകരിച്ചത്. ചർച്ചയുടെ പിന്നാലെ അദ്ദേഹം ഗവർണറെ നേരിൽ കണ്ടു രാജിക്കത്ത് കൈമാറി.

ബിജെപിയിലെ മുതിർന്ന നേതാക്കളും മണിപ്പൂരിലെ മറ്റു മന്ത്രിമാരും അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തി. സംസ്ഥാനത്ത് കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇതുവരെ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

ബജറ്റ് സമ്മേളനത്തിന് മുന്‍പുള്ള  രാഷ്ട്രീയ നീക്കമായി തന്നെ ഇതിനെ കാണാം. നാളെ നടക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ്സ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ശ്രമിക്കാനിരിക്കെയാണ് ബിരേൻ സിം​ഗിന്‍റെ രാജി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കുന്നത്.