കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക രാജ്യത്തെ എല്ലാവർക്കും വേണ്ടി; മോദിക്ക് രാഹുലിനെ ഭയമെന്ന് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Tuesday, April 23, 2024

 

കല്പ്പറ്റ: കോൺഗ്രസിന്‍റെ പ്രകടനപത്രിക ഈ രാജ്യത്തെ മുഴുവൻ ആളുകൾക്കും വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോണ്‍ഗ്രസ് പ്രകടന പത്രിക മുസ്‌ലീങ്ങള്‍ക്ക് വേണ്ടിയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. മോദിക്ക് രാഹുലിനെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാർലമെന്‍റ് മണ്ഡലത്തില്‍ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്തിന്‍റെ സമാധാനം നശിപ്പിച്ചത് നരേന്ദ്ര മോദിയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ മോദി ആരോപിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ വെല്ലുവിളിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

“അവസരവാദ രാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് മോദിയും ബിജെപിയും. ഇന്ത്യയിൽ ജാതിക്കും ഭാഷയ്ക്കും സാമ്പത്തികാവസ്ഥയ്ക്കും അതീതമായി ജനങ്ങളെ ഒന്നായി കാണുന്ന പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണ്.
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഏതാനും ഉറപ്പുകളുണ്ട്. ചെറുപ്പക്കാർക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും രാജ്യത്ത് ഉറപ്പാക്കും. തൊഴിലവസരങ്ങളിൽ വനിതകൾക്ക് തുല്യ പ്രാധാന്യം നൽകും. സാമൂഹ്യ നീതി എല്ലാ തലങ്ങളിലും ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപ വീതം അക്കൗണ്ടിലേക്ക് നൽകും. ഭരണസുതാര്യത ഉറപ്പാക്കും. തമിഴ്നാട് മാതൃകയിൽ സംവരണപരിധി ഉയർത്തും.” – മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

രാജ്യത്തെ ജനങ്ങളോട് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സംരക്ഷണത്തിനും വരും തലമുറകളുടെ ക്ഷേമത്തിനും വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം കോൺഗ്രസ് ഉറപ്പാക്കും. പഞ്ചായത്തിരാജ് സംവിധാനം, വിവരാവകാശ നിയമം, വനിതാ സംവരണം തുടങ്ങി ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞത് കോൺഗ്രസിനാണെന്നും ഖാർഗെ പറഞ്ഞു.

മുസ്‌ലിം, ഹിന്ദു എന്ന് മാത്രമാണ് പ്രധാനമന്ത്രിക്ക് പറയാനുള്ളത്. ഭരണഘടനയും ജനാധിപത്യവുമനുസരിച്ചാണ് തന്‍റെ പ്രവർത്തനങ്ങളെന്നാണ് മോദിയുടെ അവകാശവാദം. എന്നാൽ ഇവ രണ്ടും തകർക്കാനാണ് മോദിയുടെ പ്രവർത്തനങ്ങളെന്ന് ഖാർഗെ കുറ്റപ്പെടുത്തി. രാജ്യത്തെല്ലായിടത്തും ടൂർ നടത്തുന്ന മോദി, പ്രധാനമന്ത്രിയെ ആവശ്യമുള്ള ഒരിടത്തെങ്കിലും പോയോ എന്ന് മല്ലികാർജുന്‍ ഖാർഗെ ചോദിച്ചു. കലാപ കലുഷിതമായ മണിപ്പൂരിൽ പ്രധാനമന്ത്രി തിരിഞ്ഞുപോലും നോക്കിയില്ല.
കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.