കൊച്ചി : കോതമംഗലം മാനസ കൊലപാതകക്കേസിൽ ബിഹാറിൽ നിന്ന് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സോനു കുമാർ മോദി, മനേഷ് കുമാർ എന്നീ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. രാഖിലിന് പിസ്റ്റൾ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പേലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.
ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെ ഇന്നലെ വൈകിട്ട് ആറരയോടെ ആലുവ റൂറൽ എസ്പി ഓഫീസിൽ എത്തിച്ചു. പ്രതികളെ ഇന്ന് കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും, രാഖിലിന് ബിഹാറിൽ വെച്ച് പിസ്റ്റൾ പരിശീലനം ലഭിച്ചിരുന്നതായും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.
പ്രതികൾ തോക്ക് പരിശീലിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാഖിൽ, ടാക്സി ഡ്രൈവർ, സോനുകുമാർ എന്നിവർക്കൊപ്പം ബിഹാറിൽ കാറിൽ യാത്ര ചെയ്ത മറ്റ് 2 പേരെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. തോക്ക് വാങ്ങിയതിന് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. രാഖിലിന്‍റെ സുഹൃത്ത് ആദിത്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.