കൊല്ലം കുന്നത്തൂരിൽ പ്രണയം നിരസിച്ചതിന് യുവാവ് പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ സ്വദേശിയായ സ്വകാര്യ ബസ് ജീവനക്കാരൻ അനന്തുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയുടെ വാതിൽ തുറന്ന് വീട്ടിനുള്ളില്‍ കടന്നാണ് അക്രമം നടത്തിയത്. രാത്രി 2 മണിയോടെ വീട്ടിലെത്തിയ യുവാവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കുട്ടിയുടെ വയറ്റിൽ മൂന്ന് മുറിവുകൾ ഏറ്റു. പരിക്ക് ഗുരുതരമല്ലെന്നും കുട്ടിയുടെ സ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്.