‘ഓർമ്മകളുടെ സ്നേഹതീരം’ ; ടി.എൻ പ്രതാപൻ എം പിയുടെ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

Jaihind News Bureau
Monday, August 24, 2020

തൃശൂർ : ടി എൻ പ്രതാപൻ എം. പി രചിച്ച ‘ഓർമ്മകളുടെ സ്നേഹതീരം’ പുസ്തകം നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഉയർന്ന ചിന്തകളും വായനയും എഴുത്തും പൊതുപ്രവർത്തനത്തോടൊപ്പം ചേർത്തു നിർത്തുവാൻ കഴിയുന്നവർക്കാണ് മനുഷ്യ നന്മയിലധിഷ്ഠിതമായ സാമൂഹ്യ ചിന്ത കൂടുതൽ ഉണ്ടാവുകയെന്ന്  മമ്മൂട്ടി അഭിപ്രായപ്പെട്ടു.  ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന്‍റെ വസതിയിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. വേറിട്ട ശബ്ദവും പ്രവർത്തനവുമാണ് ടി.എൻ പ്രതാപന്‍റേത്. ഒരു മഹാമാരിയുടെ കെടുതികൾക്കിടയിൽ നന്മയുടെ ചിന്തകൾ എഴുതിക്കൂട്ടാനും അത് സമൂഹത്തിന് മുന്നിൽ സമർപ്പിക്കാനും തിരക്കേറെയുള്ള ഒരു പൊതുപ്രവർത്തകന് സാധിച്ചു എന്നത് മാതൃകാപരമാണെന്നും മമ്മൂട്ടി പറഞ്ഞു.

ലോക്ഡൗൺ കാലത്ത് ക്വാറന്‍റൈനിലായിരിക്കെ എഴുതിയ കുറിപ്പുകളാണ് ടി.എന്‍ പ്രതാപന്‍ ‘ഓർമ്മകളുടെ സ്നേഹതീരത്തിൽ’ ഉൾപ്പെടുത്തിയിട്ടുള്ളത്. കെടുതികൾ നിറഞ്ഞ ഇരുണ്ട കാലത്തിനപ്പുറം ഒരുമയിലൂടെ വെളിച്ചം നിറഞ്ഞ ജീവിതം കണ്ടെത്തുന്നതിനെ കുറിച്ചുള്ള പ്രത്യാശകളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. തന്‍റെ ജനനം മുതൽ പാർലമെന്‍റ് അംഗമായത് വരെയുള്ള കാലങ്ങളിലെ  ഓർമ്മകളും തിരിച്ചറിവുകളും ഇരുപത്തിരണ്ട് അദ്ധ്യായങ്ങളിലായി  ഓർമ്മകളുടെ സ്നേഹതീരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.