കൊടിക്കുന്നില്‍ സുരേഷ് എംപി കൊവിഡ് കെയറിലേക്ക് ആംബുലൻസ് സൗജന്യമായി വിട്ടുനൽകി മമ്മൂട് ലൂർദ് മാതാ പള്ളി

Wednesday, May 12, 2021

ചങ്ങനാശേരി : കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ രോഗികളെയും രോഗലക്ഷണമുള്ളവരെയും വീടുകളിൽനിന്ന് ആശുപത്രികളിലേക്കും തിരികെ വീടുകളിലേക്കും എത്തിക്കുന്നതിനായി ആംബുലന്‍സ് സൌജന്യമായി വിട്ടുനല്‍കി മാമ്മൂട് ലൂർദ് മാതാ പള്ളി. കൊടിക്കുന്നിൽ സുരേഷ് എം.പി കൊവിഡ് കെയർ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുമായി സഹകരിച്ചു നടത്തുന്ന എമർജൻസി സർവീസിലേക്കാണ് സൗജന്യമായി ആംബുലൻസ് വിട്ടുനൽകിയത് മമ്മൂട് ലൂർദ് മാതാ പള്ളി മാതൃകയായത്.

ഇടവക വികാരി ഫാ. ജോൺ തടത്തിൽ ഇടവക പ്രതിനിധികളുമായി ആലോചിച്ചതിനുശേഷമാണു ആംബുലൻസ് കൊവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്ക് സൗജന്യമായി വിട്ടു നൽകിയത്. ഇടവക സഹവികാരി ഫാ. സിജു വേളങ്ങാറ്റുശേരി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്‍റ്‌ സോബിച്ചൻ കണ്ണമ്പള്ളിക്ക് താക്കോൽ കൈമാറി. ഫാ. ജോസ് ഇറ്റോലി,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റിജു ഇബ്രാഹിം, മെൽബിൻ മാത്യു, നിധീഷ് കോച്ചേരി, ടോണി കുട്ടംപേരൂർ, സിവിൽ ഡിഫെൻസ് അംഗം സോജി മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.