ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. ഏര്‍പ്പെടുത്തിയ അധിക താരിഫ് ഏര്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഓഗസ്റ്റ് 27 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ താരിഫുകള്‍ മോദി സര്‍ക്കാരിന്റെ ‘ഉപരിപ്ലവമായ’ വിദേശനയത്തിന്റെ ഫലമാണെന്നും ഇത് രാജ്യത്ത് വന്‍തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഇന്ത്യ റഷ്യന്‍ എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട്, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ മൊത്തം ലെവികള്‍ 50 ശതമാനമായി ഉയര്‍ന്നു.
എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഖാര്‍ഗെ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ‘നരേന്ദ്ര മോദി ജി, നിങ്ങളുടെ പ്രിയ സുഹൃത്ത് ‘അബ്കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ ഇന്ന് മുതല്‍ ഇന്ത്യയില്‍ 50 ശതമാനം താരിഫ് ചുമത്തിയിരിക്കുന്നു. 10 മേഖലകളില്‍ മാത്രം ഏകദേശം 2.17 ലക്ഷം കോടി രൂപയുടെ നഷ്ടം നമുക്കുണ്ടാകും,’ ഖാര്‍ഗെ കുറിച്ചു.
പ്രത്യേകിച്ച് പരുത്തി കര്‍ഷകരെ ഈ താരിഫ് എങ്ങനെ ബാധിക്കുമെന്നും ഖാര്‍ഗെ എടുത്തുപറഞ്ഞു. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തിന് വലിയ തിരിച്ചടിയാകുമിതെന്നും ഇത് ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘അവരെ സംരക്ഷിക്കാന്‍ എന്ത് വ്യക്തിപരമായ വിലയും നല്‍കാന്‍ തയ്യാറാണെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,’ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഒരു ശതമാനത്തോളം താരിഫ് ബാധിക്കുമെന്നും, ഇത് ചൈനയ്ക്ക് ഗുണകരമാകുമെന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജി.ടി.ആര്‍.ഐ) റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഖാര്‍ഗെ വ്യക്തമാക്കി. എം.എസ്.എം.ഇകള്‍, ടെക്‌സ്‌റ്റൈല്‍സ്, രത്‌നം, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന കയറ്റുമതി മേഖലകളില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ മാത്രം 5 ലക്ഷം വരെ നേരിട്ടും അല്ലാതെയും ഉള്ള തൊഴിലവസരങ്ങള്‍ അപകടത്തിലാകും, രത്‌ന-ആഭരണ മേഖലയില്‍ 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ തൊഴിലുകള്‍ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് യു.എസ്. ഏര്‍പ്പെടുത്തിയ 10 ശതമാനം താരിഫിനെത്തുടര്‍ന്ന് ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഏപ്രില്‍ മുതല്‍ ഏകദേശം ഒരു ലക്ഷം ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് തൊഴിലാളികള്‍ക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടതായും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. അഞ്ച് ലക്ഷം നേരിട്ടുള്ള ചെമ്മീന്‍ കര്‍ഷകരും 25 ലക്ഷം പരോക്ഷ കര്‍ഷകരും ഗുരുതരമായ ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.