
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യം നിലനിൽക്കുക മാത്രമല്ല, അത് തഴച്ചുവളരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഖാർഗെ.
‘വോട്ട് ചോരി’യിലൂടെയും, മുൻകൂട്ടി ആസൂത്രണം ചെയ്യാതെയുള്ള വോട്ടർ പട്ടിക പുതുക്കലിലൂടെയും വോട്ടവകാശം തട്ടിയെടുക്കാനുള്ള ശ്രമങ്ങളെ ഖാർഗെ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ ഇന്ത്യയുടെ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ ഭാവി അവിടത്തെ ജനങ്ങളുടേതാണെന്നും പൗരന്മാരുടെ കൂട്ടായ ശബ്ദത്തിന് രാജ്യത്തിന്റെ വിധി മാറ്റാൻ കഴിയുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവും നിർഭയവുമായ തിരഞ്ഞെടുപ്പിന് അർഹരാണെന്ന് ഖാർഗെ പറഞ്ഞു. വൃത്തിയുള്ള വോട്ടർ പട്ടികയും തുല്യമായ അവസരങ്ങളും ഇതിന്റെ പ്രാഥമിക ആവശ്യകതകളാണ്. ഈ അടുത്ത കാലത്തായി തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങൾ വലിയ സമ്മർദ്ദമാണ് നേരിടുന്നത്. അതിനാൽ അവയുടെ സ്വതന്ത്ര സ്വഭാവവും അഖണ്ഡതയും സംരക്ഷിക്കുക എന്നത് നമ്മുടെ വലിയ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1950 ജനുവരി 25-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായാണ് 2006 മുതൽ ജനുവരി 25 ദേശീയ വോട്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് കൃത്യം ഒരു ദിവസം മുൻപാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത്.