‘ഡ്രീം മെഷീനി’ലൂടെ സ്വപ്ന നേട്ടം; നാഷണൽ ലെവൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി അഭിഷേക്

Jaihind Webdesk
Wednesday, November 10, 2021

ഇന്ത്യൻ ഫിലിം ഹൗസ് നാഷണൽ ലെവൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘ഡ്രീം മെഷീനി’ലൂടെ പുരസ്‌കാര നേട്ടവുമായി മലയാളി യുവാവ്. കൊച്ചി സ്വദേശി അഭിഷേക് ഹൈജിനസാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങിലാണ് ‘ഡ്രീം മെഷീന്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുളള അവാർഡ് അഭിഷേക് ഏറ്റുവാങ്ങിയത്.

ആയിരത്തിലേറെ ചിത്രങ്ങളില്‍ നിന്നാണ് അഭിഷേകിന്‍റെ ഷോർട്ട് ഫിലിം പുരസ്‌കാരത്തിന് അര്‍ഹമായത്. 10 ഭാഷകളിലായി 23 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മികച്ച സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, മികച്ച ചിത്രം, ബെസ്റ്റ് ആക്ടര്‍, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

 

7 മിനിറ്റോളം ദൈര്‍ഘ്യമുള്ള ശബ്ദരഹിത ചിത്രമായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ‘ഡ്രീം മെഷീനെ ഒരുക്കിയിരിക്കുന്നത്. അത് തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന സവിശേഷത. ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അജിത് അഗസ്റ്റിനാണ്. സൗണ്ട് എഫക്ട്- ആദര്‍ശ് ബെന്‍സ് ലാല്‍, സംഗീതം- ക്ലിന്‍റണ്‍ ബെര്‍ക്‌സ്, ക്രിയേറ്റീവ് ഡയറക്ടര്‍- ആല്‍വിന്‍ ടി ഉമ്മന്‍.

ഇതിന് മുമ്പ് ട്രാവൻകൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നിശബ്ദ ചിത്രത്തിനുള്ള അവാർഡിലും  ‘ഡ്രീം മെഷീന്‍’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചി പാറക്കൽ വീട്ടിൽ ഹൈജിനസ് പി.പി – ലീല ഹൈജിനസ് എന്നിവരുടെ മകനാണ് അഭിഷേക്.