മലനാട്- മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; നിർമ്മാണ പ്രവൃത്തിയിൽ വൻ അഴിമതി

Jaihind Webdesk
Friday, July 12, 2024

 

കണ്ണൂര്‍: മലനാട്- മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവൃത്തിയിൽ വൻ അഴിമതി. മലപ്പട്ടം പഞ്ചായത്തിലെ മുനമ്പ്കടവ്, കൊവുന്തല പുഴയോരത്ത് നിർമിച്ച ആംഗ്ലിംഗ് യാർഡും നടപ്പാതയും പടവുകളും പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പേ തകർന്നനിലയിലാണ്. കൊവുന്തലയിലെ ബോട്ട് ജെട്ടി ചെളിനിറഞ്ഞ് നാശത്തിന്‍റെ വക്കിലും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിയോജക മണ്ഡലത്തിലാണ് കൊട്ടിഘോഷിച്ച് പദ്ധതി നടപ്പിലാക്കിയത്.

മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 3 കോടി 37 ലക്ഷം രൂപ ചെലവിലാണ് നിർമാണങ്ങൾ നടത്തിയത്. എന്നാൽ പണി പൂർത്തിയായി ഉദ്ഘാടനത്തിന് മുമ്പേ ഇവയെല്ലാം നശിക്കുന്ന അവസ്ഥയാണ്. ഔദ്യോഗികമായി പാർക്ക് തുറക്കും മുമ്പേ എല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ആംഗ്ലിംഗ് യാർഡും പടവും നിർമാണത്തിലെ അപാകതകൊണ്ടാണ് തകർന്നത്. നടപ്പാത കരയിടിഞ്ഞാണ് നശിച്ചത്. തെങ്ങ് കൊണ്ട് ഉണ്ടാക്കിയ തൂണിൽ പ്ലൈവുഡ് ഉപയോഗിച്ച് പ്ലാറ്റ് ഫോം ഒരുക്കിയാണ് ചൂണ്ടയിടാനുള്ള ആംഗ്ലിംഗ് യാർഡ് നിർമിച്ചത്. ഇതിന്‍റെ തൂണും പ്ലാറ്റ്ഫോമും ദ്രവിച്ച് നശിച്ച അവസ്ഥയിലാണ്.

അപകടാവസ്ഥ അറിയാതെ ചില സന്ദർശകർ ഇവിടെ എത്താറുണ്ട്. യാർഡിലേക്ക് ഇറങ്ങുന്ന പടവുകളിലെ പ്ലൈവുഡും ഭാഗികമായി തകർന്നിട്ടുണ്ട്. അപകടാവസ്ഥ അറിയാതെ എത്തുന്ന സന്ദർശകർ വെള്ളത്തിൽ വീഴാനുളള സാധ്യതയും നിലനിൽക്കുന്നു. രണ്ടു പാർക്കുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സ്ഥാപിച്ച കിയോസ്കു‌കളും നശിച്ച് ഉപയോഗശൂന്യമായി. പണി പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതിനാൽ ഇരുപാർക്കുകളും കാടുകയറി നശിക്കുകയാണ്. പദ്ധതി ആസൂത്രണത്തിലെയും, നിർമ്മാണത്തിലെ അപാകതയുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന വിമർശനമാണ് ഉയരുന്നത്.