മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സമാഗമ ശതാബ്ദി: കെപിസിസിയുടെ ആഘോഷം

Jaihind News Bureau
Wednesday, March 12, 2025

മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവുമായുള്ള സമാഗമ ശതാബ്ദി കെപിസിസി ഇന്ന് ആഘോഷിക്കും.1925 മാര്‍ച്ച് 12 ന് ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചതിന്റെ നൂറാം ആഘോഷമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മൊഴിയും വഴിയും – ആശയ സാഗര സംഗമം എന്ന പേരില്‍ സെമിനാറും ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.

മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വിഷയാവതരണം നടത്തും. മുന്‍മന്ത്രിമാരായ ജി.സുധാകരന്‍, സി.ദിവാകരന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, പ്രൊഫ.ജി.ബാലചന്ദ്രന്‍, ബി.എസ്.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിലെ സത്യന്‍ സ്മാരക ഹാളിലാണ് പരിപാടി നടക്കുക.