‘മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല’; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ

Jaihind Webdesk
Wednesday, October 13, 2021

 

ന്യൂഡൽഹി: വിവാദ പരാമർശവുമായി സവർക്കറിന്‍റെ പേരമകൻ രഞ്ജിത് സവർക്കർ. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ലെന്നും ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നുമായിരുന്നു രഞ്ജിത്ത് സവർക്കറുടെ വിവാദ പരാമർശം. വാർത്താ ഏജന്‍സിയായ എഎൻഐയോടായിരുന്നു പ്രതികരണം.

‘രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്’ – രഞ്ജിത് സവർക്കർ പറഞ്ഞു.

ഗാന്ധിജിയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ജയില്‍മോചിതനാകാന്‍ ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.  ഇതിനു പിന്നാലെയാണ് സവർക്കറുടെ പേരമകന്‍റെ  വിവാദ പരാമർശം.