മഹാരാഷ്ട്രയിൽ മഹാസഖ്യം ഇന്ന് അധികാരത്തിലേക്ക്; ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഉപമുഖ്യമന്ത്രി പദം എൻസിപിക്കും സ്പീക്കർ പദവി കോൺഗ്രസിനും

മഹാരാഷ്ട്രയിൽ മഹാസഖ്യം ഇന്ന് അധികാരത്തിലേക്ക്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി പദം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കി. ഉദ്ധവ് താക്കറെയ്ക്കൊപ്പം ആരെല്ലാം സത്യപ്രതിജ്ഞ ചെയ്യും എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഉൾപ്പെടെയുള്ള നേതാക്കളുടെ ഒരു വന്‍ നിരയെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ക്ഷണിച്ചിരിക്കുന്നത്.

ചരിത്രമുറങ്ങുന്ന ശിവാജി പാർക്കിൽ വൈകിട്ട് 6.40 നാണ് മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത്. താക്കറെ കുടുംബത്തിൽ നിന്ന് ഇതാദ്യമാണ് ഒരാൾ മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ ദിവസം വൈകിട്ട് വൈ ബി ചവാൻ സെന്‍ററിൽ മഹാസഖ്യം നേതാക്കള്‍ യോഗം ചേർന്നിരുന്നു. 43 അംഗ മന്ത്രിസഭയിൽ എൻസിപിക്കു 16 ഉം ശിവസേനക്ക് 15 ഉം കോൺഗ്രസിന് 12 ഉം മന്ത്രിമാർ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്കാണ്. സ്പീക്കർ പദവി കോൺഗ്രസിനും ഡെപ്യൂട്ടി സ്പീക്കർ പദവി എൻസിപിക്കും നൽകാനും യോഗം തീരുമാനിച്ചു.

ഇതിനിടെ ഡൽഹിയിലെത്തിയ ആദിത്യ താക്കറെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു

Comments (0)
Add Comment