മഹാരാഷ്ട്രയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർക്ക് ജനങ്ങൾ നൽകിയ മറുപടി: ജോജോ തോമസ്

മുoബൈ : മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റം കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർക്കുള്ള മറുപടിയെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ്. സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് സഖ്യ സർക്കാരിന്‍റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള പൂർണ്ണ വിശ്വാസം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. 85 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലങ്ങൾ പുറത്തുവന്നപ്പോൾ ധുലെ, നന്ദൂർബാർ, അകോല, വാഷിം, നാഗ്പൂർ, പാൽഘർ, എന്നീ ജില്ലകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യം ഗംഭീര വിജയം നേടിയത്.

മുൻ ബിജെപി മുഖ്യമന്ത്രിയുടെയും നിലവിലെ കേന്ദ്രമന്ത്രിയുടെയും മണ്ഡലവും, ആർഎസ്എസിന്‍റെ ആസ്ഥാനവുമായ നാഗ്പൂരിൽ അവരുടെ കോട്ടകൾ തകർത്തു കൊണ്ടാണ് കോൺഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയത്. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർക്ക് ജനങ്ങൾ നൽകിയ ശക്തമായ മറുപടിയും മുന്നറിയിപ്പുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകിയതെന്ന് ജോജോ തോമസ് പറഞ്ഞു.

‘ജനാധിപത്യത്തിൽ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം. കോൺഗ്രസ് പാർട്ടി സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യപുരോഗതിയ്ക്കായി പോരാടി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി അവരുടെ ദേശ വിരുദ്ധ നയങ്ങൾകൊണ്ടും കർഷക – തൊഴിലാളി വിരുദ്ധവുമായ സമീപനങ്ങൾ കൊണ്ടും രാജ്യത്തെ നശിപ്പിക്കുന്നു. ബഹുസ്വരത ഇല്ലാതാക്കി. ഇപ്പോൾ രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റു കൊണ്ടിരിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് മാത്രമേ ജനക്ഷേമ നയങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ .അതുകൊണ്ടാണ് ജനങ്ങൾ കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചത്’ – ജോജോ തോമസ് പറഞ്ഞു.

സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് സഖ്യ സർക്കാരിന്‍റെ പ്രവർത്തനത്തിൽ ജനങ്ങൾക്കുള്ള പൂർണ്ണ വിശ്വാസം കൂടിയാണ് ഈ വിജയമെന്ന് ജോജോ തോമസ് പറഞ്ഞു. നേട്ടത്തില്‍ സംസ്ഥാനത്തെ ജനങ്ങൾക്കും പ്രവർത്തകർക്കും നേതാക്കൻമാർ നന്ദി അറിയിച്ചു.

 

Comments (0)
Add Comment