പിരിവിനിറങ്ങിയില്ല ; വിദ്യാർത്ഥിക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ റാഗിങ് ; മുറിയില്‍ പൂട്ടിയിട്ട് മർദ്ദനം

 

കൊച്ചി : മഹാരാജാസ് കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തതായി പരാതി. ഒന്നാം വര്‍ഷ മലയാളംവിഭാഗം വിദ്യാര്‍ത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് റാഗിങ്ങിന് ഇരയായത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു ക്രൂരത.

എസ്എഫ്ഐക്കാര്‍ റോബിനെ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് മര്‍ദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുമ്പ് വടി കൊണ്ട് കാല്‍ മുട്ടിലടക്കം മര്‍ദിച്ചിട്ടുണ്ട്. ഭക്ഷണം നല്‍കുകയോ രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കുകയോ ചെയ്തില്ലെന്നും റോബിന്‍ പറയുന്നു.

എസ്എഫ്ഐയുടെ പിരിവിന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് ആരോപണം. എസ് എഫ് ഐ പ്രവര്‍ത്തകരല്ലാത്ത കോളേജിന് പുറത്തുനിന്നുളളവരും അക്രമിസംഘത്തിലുണ്ടായിരുന്നതായും ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസില്‍ പരാതി നല്‍കിയാല്‍ വേറെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞായിരുന്നു റാഗിംഗ് നടത്തിയതെന്നാണ് റോബിന്റെ സുഹൃത്ത് പറയുന്നത്.

Comments (0)
Add Comment