മജിസ്‌ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപങ്ങൾ

വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപങ്ങൾ. സ്ത്രീയായിപ്പോയി ഇല്ലെങ്കിൽ ചേബറിൽ നിന്ന് വലിച്ചിട്ട് തല്ലിചതച്ചേനെയെന്ന് അഭിഭാഷകർ ഭീഷണിപ്പെടുത്തിയതായും ഉത്തരവ് മാറ്റി എഴുതാൻ ആവശ്യപ്പെട്ടതായും വനിതാ മജിസ്ട്രേറ്റ് ദീപാ മോഹൻ മൊഴി നൽകി.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.പി ജയചന്ദ്രനും സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണനുമ ടക്കമുള്ളവര്‍ക്കെതിരെയാണ് മജിസ്‌ട്രേറ്റ് മൊഴി നല്‍കിയത്.എഫ്.ഐ.ആറിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

അഭിഭാഷകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അക്കമിട്ട് നിരത്തുന്ന എഫ്.ഐ.ആറാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.ബാർ അസോസിയേഷൻ പ്രസിഡന്‍റും കേസിലെ ഒന്നാം പ്രതിയുമായ കെ.പി ജയചന്ദ്രൻ കൈചൂണ്ടി തന്‍റെ നേര്‍ക്ക് അടുക്കുകയും ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മജിസ്ട്രേറ്റ് ദീപാ മോഹൻ പോലീസിന് മൊഴി നൽകി.ഒരു സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു. ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞു. ഇനി ഈ കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് കാണണം. കോടതി ഇനി പ്രവര്‍ത്തിക്കില്ലെന്ന് കെ.പി ജയന്ദ്രന്‍ പറഞ്ഞതായും എഫ് ഐ .ആറിൽ പറയുന്നു.പത്ത് നാൽപ്പത് വർഷം പ്രാക്ടീസ് ഉള്ള അഭിഭാഷകരാണ് ഞങ്ങൾ. അങ്ങനെയുള്ള ഞങ്ങളെ പഠിപ്പിക്കാൻ നോക്കേണ്ട എന്നും ആക്രോശിച്ചു.പ്രതികൾ ചേംബറിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഒന്നാം പ്രതിയായ കെ .പി. ജയചന്ദ്രൻ ഇനി നിങ്ങൾ പുറത്തിറങ്ങുന്നത് കാണണം എന്ന് പറഞ്ഞ് ചേംബറിന്‍റെ വാതിൽ വലിച്ചടച്ച് അന്യായമായി തടങ്കലിൽ വച്ചു. ഇതിന് ശേഷവും അയാൾ ചേംബറിൽ തുടർന്നു.പിന്നാലെ കൈ ചൂണ്ടി ഭീഷണിപ്പെടുത്തി പുറത്തിറങ്ങരുതെന്ന് പറഞ്ഞതായും എഫ്.ഐ.ആറിൽ പറയുന്നു.സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് ദീപ മോഹനെ അഭിഭാഷകർ കോടതിയിൽ തടഞ്ഞത് .

ബാര്‍ അസോസിയേഷൻ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ അടക്കം 10 അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം പോലീസ് കേസ് എടുത്തിരുന്നു. അന്യായമായി സംഘം ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഭിഭാഷകർക്കെതിരെ പ്രതിഷേധവുമായി ജഡ്ജിമാരും രംഗത്തെത്തി. ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു.

Comments (0)
Add Comment