തിരുപ്പരങ്കുണ്‍ട്രത്ത് ദീപം തെളിയും; സര്‍ക്കാരിന്റെ വാദം അസംബന്ധമെന്ന് കോടതി

Jaihind News Bureau
Tuesday, January 6, 2026

 

ചെന്നൈ: തിരുപ്പരങ്കുണ്‍ട്രം മലമുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ തന്നെ ദീപം തെളിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന സര്‍ക്കാരിന്റെ വാദം തള്ളിയ കോടതി, സര്‍ക്കാര്‍ സാങ്കല്‍പ്പിക ഭീതി പരത്തുകയാണെന്ന് രൂക്ഷമായി വിമര്‍ശിച്ചു.

ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു-മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്നായിരുന്നു ഡിഎംകെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന് ജസ്റ്റിസുമാരായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിശ്വാസികള്‍ക്ക് വ്യക്തമായി കാണുന്നതിനാണ് ഉയര്‍ന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നത്. സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സമാധാനം തകരുന്ന ഒരു സാഹചര്യവും അവിടെയില്ലെന്നും കോടതി വ്യക്തമാക്കി.

തിരുപ്പരങ്കുണ്‍ട്രം കുന്നിന്‍ മുകളിലുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും വിശ്വാസികളെ തടയുന്ന ഡിഎംകെ സര്‍ക്കാര്‍ നിലപാട് ഹൈന്ദവ വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.

ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പരങ്കുണ്‍ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും കുന്നിന് താഴെ പ്രശസ്തമായ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രവുമാണുള്ളത്. വര്‍ഷങ്ങളായി തുടരുന്ന ഈ ആചാരത്തിന് തടസ്സം നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കോടതി കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.