മധ്യപ്രദേശില്‍ കുടിവെള്ളം ‘വിഷമാകുന്നു’; സര്‍ക്കാര്‍ ആശുപത്രികളിലെ 88% വെള്ളവും അശുദ്ധമെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Thursday, January 8, 2026

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ വിതരണം ചെയ്യുന്ന മൂന്നിലൊന്ന് കുടിവെള്ളവും മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമല്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ 36% ജലസ്രോതസ്സുകളിലും മാരകമായ ബാക്ടീരിയകളോ രാസവസ്തുക്കളോ കലര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഏറ്റവും ആശങ്കാജനകമായ വസ്തുത, രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതിയാണ്. ഇവിടങ്ങളിലെ 88% വെള്ളവും അശുദ്ധമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദ്യാലയങ്ങളിലെ നാലിലൊന്ന് കുടിവെള്ളവും മലിനമാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നു. ‘ജല്‍ ജീവന്‍ മിഷന്‍’ വഴി പൈപ്പ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പലയിടത്തും വെള്ളം എത്തുന്നില്ല. വെള്ളം ലഭിക്കുന്നയിടങ്ങളില്‍ അത് മലിനവുമാണ്. ഇന്‍ഡോറില്‍ അശുദ്ധജലം കുടിച്ച് 18 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

കോടതിയുടെയും കേന്ദ്രത്തിന്റെയും ഇടപെടല്‍: ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്നത് പൗരന്റെ മൗലികാവകാശമാണെന്നും നിലവിലെ സാഹചര്യം ഒരു ‘അടിയന്തരാവസ്ഥയ്ക്ക്’ തുല്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരും കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.