ചെന്നൈ പ്രളയത്തില്‍ മരണം എട്ടായി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി; മഴയ്ക്ക് നേരിയ ശമനം

Jaihind Webdesk
Tuesday, December 5, 2023

 

ചെന്നൈ: മിജോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം എട്ടായി. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി നല്‍കി.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വിമാനത്താവളത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങുകയും റണ്‍വേയിലും ടാക്‌സിവേയിലും വെള്ളക്കെട്ട് ഒഴിയുകയും ചെയ്തതോടെയാണ് വിമാനത്താവളം തുറക്കാന്‍ തീരുമാനിച്ചത്. 21 വിമാനങ്ങളും 1,5000 യാത്രക്കാരും നിലവില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു. പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചു.