വീടല്ല, ജനസേവനമാണ് വലുത് ; ചർച്ചയായി എം വിന്‍സന്‍റ് എം.എല്‍.എയുടെ ഇരുമുറി വീട് | Video

Jaihind News Bureau
Friday, January 8, 2021

 

തിരുവനന്തപുരം : തലസ്ഥാന ജില്ലയിലെ ജനപ്രതിനിധി എം വിൻസന്‍റ് എം.എൽ.എയുടെ വീട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. മേയർക്ക് പോലും ആഡംബര വസതി ഒരുങ്ങുമ്പോഴാണ് ഒട്ടും സൗകര്യമില്ലാത്ത വീട്ടിൽ കഴിഞ്ഞുകൊണ്ട് വിൻസന്‍റ് ജനസേവനം നടത്തുന്നത്.

ആഡംബരങ്ങൾക്ക് അറുതിയില്ലാതെ മന്ത്രിമന്ദിരങ്ങളും മേയർക്കായി വസതിയുമൊക്കെ സർക്കാർ ചിലവിൽ ഉയരുമ്പോൾ ജനകീയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കഴിഞ്ഞ 4 അരവർഷമായി ഒന്നേമുക്കാൽ സെന്‍റിൽ 650 ചതുരശ്രയടിയുള്ള വീട്ടിൽ കഴിയുന്ന ഒരു എം.എൽ.എയുണ്ട് തലസ്ഥാനത്ത്. കോവളം നിയോജക മണ്ഡലത്തിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും എം വിൻസന്‍റ് എം.എൽ.എ നേതൃത്വം നൽകുന്നത് മുൻഭാഗത്ത്  ഷീറ്റിട്ട മേൽക്കൂരയുള്ള മൂന്ന് മുറികൾ മാത്രമുള്ള ഈ വീട്ടിൽ നിന്നാണ്.

എന്നാൽ തന്‍റെ വീടല്ല, വികസന പ്രവർത്തനങ്ങളും ജനകീയ പ്രശ്നങ്ങളുമാണ് ചർച്ചാ വിഷയമാകേണ്ടതെന്ന് എം വിൻസന്‍റ് എം.എൽ.എ പറയുന്നു. വാടകവീട്ടിൽ കഴിയുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് 8 കോടി രൂപ ചിലവാക്കി വസതി നിർമ്മിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്ന വാർത്തയ്ക്ക് പിന്നാലെയാണ് എം വിൻസന്‍റ് എം.എല്‍.എയുടെ ഒന്നേമുക്കാൽ സെന്‍റിലെ വീട് ചർച്ചയാകുന്നത്. പൊതുഖജനാവിലെ പണം കൊണ്ട് ആഡംബര വസതികൾ പണിയുന്ന സർക്കാരിന് മാതൃകയാണ് ഈ ജനപ്രതിനിധി.