CATHOLIC CONGRESS| ‘എം.വി ഗോവിന്ദന്‍റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന’; പാര്‍ട്ടി സെക്രട്ടറിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, August 12, 2025

 

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്ര്ട്ടറി എംവി ഗോവിന്ദനെതിരെ കേരള കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത്. എം.വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയെന്നാണ് ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ മറക്കരുതെന്നും പ്രസ്താവന തിരുത്തണോയെന്ന് എം വി ഗോവിന്ദന്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് ആലോചിക്കണം. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദന്‍ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരു’തെന്നും അദ്ദേഹം വിമര്‍ശിച്ചു.

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദന്‍ ഇന്നലെ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്നായിരുന്നു പരാമര്‍ഷം. കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ ബിജെപിക്കെതിരെ തിരിയുകയും ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷായ്ക്ക് സ്തുതി പാടിയെന്നുമായിരുന്നു വിമര്‍ശനം. ഇതിനെതിരായാണ് കത്തോലിക്ക കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

നേരത്തെ തലശേരി അതിരൂപത തന്നെ പാര്‍ട്ടി സെക്രട്ടറിക്കെതിരെ രംഗത്ത് വന്നിരുന്നു. ‘എം.വി ഗോവിന്ദന്റെ പരാമര്‍ശം ഫാസിസ്റ്റ് ശക്തികളുടേതിന് സമാനം്. എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിയ ശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടത്? ഛത്തീസ്ഗഡ് വിഷയത്തിലെ കേന്ദ്ര ഇടപെടലിന് നന്ദി അറിയിച്ചതില്‍ മാറ്റമില്ല. ഡിവൈഎഫ്‌ഐയുടെ വിലകുറഞ്ഞ പ്രസ്താവനകള്‍ക്ക് കുടപിടിക്കുന്നത് അപലപനീയമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് അവസരവാദിയെന്ന വിശേഷണത്തിന് ആപ്തന്‍’ എന്നുമായിരുന്നു വിമര്‍ശനം.