എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

Jaihind News Bureau
Saturday, October 17, 2020

സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് നടപടി. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

എം. ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന നേരത്തെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും വ്യക്തമായിരുന്നു. ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ല. രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെട്ട ശിവശങ്കറിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇ.സി.ജിയില്‍ നേരിയ വ്യതിയാനവും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കാര്‍ഡിയോ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും രാവിലെ ആന്‍ജിയോഗ്രാമിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു ആശുപത്രിയിൽ കൂടി പരിശോധന വേണമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

അതേസമയം, തനിക്ക് കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടെത്തിയെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടർന്നാണ് മറ്റൊരു ആശുപത്രിയില്‍ വിശദമായ പരിശോധന നടത്താമെന്ന് കസ്റ്റംസ് നിലപാടെടുത്തത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു കസ്റ്റംസിന്‍റെ നീക്കം. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുള്ളതായാണ് കസ്റ്റംസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരില്‍നിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡോളര്‍ നല്‍കിയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയതായാണ് വിവരം. ഇതാണ് ശിവശങ്കറിന് പുതിയ കുരുക്കായത്.

ഇതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിലേക്ക് കടക്കാന്‍ കസ്റ്റംസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇഡിയും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

സ്വര്‍ണക്കടത്ത്, ലോക്കര്‍ ഇടപാട്, വിദേശത്തേക്ക് ഡോളര്‍ കടത്ത് എന്നീ കാര്യങ്ങളിലാണ് ശിവശങ്കറിനെതിരെ കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നത്. കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന.