നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു ; ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇ.ഡി ; അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന്

 

കൊച്ചി: കള്ളക്കടത്ത് സ്വര്‍ണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് എം.ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായും ഇ.ഡി. അറസ്റ്റ് മെമ്മോയിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. സ്വപ്‌നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. മെമ്മോയുടെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

അതേസമയം ഇന്നലെ അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെത്തിച്ച് ആറുമണിക്കൂര്‍ ചോദ്യംചെയ്ത ശേഷം രാത്രി 9 മണിയോടെയായിരുന്നു ശിവശങ്കറിന്‍റെ അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നിങ്ങനെ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഇഡി ഇക്കാര്യം ഹൈക്കോടതിയിലും ബോധിപ്പിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ശിവശങ്കറിനെതിരെ ഗൗരവകരമായ നീരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതോടെ അന്വേഷണ സംഘം വേഗത്തില്‍ നീക്കങ്ങള്‍ നടത്തുകയായിരുന്നു.

ചെന്നൈയില്‍ നിന്നെത്തിയ ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ ശുശീല്‍ കുമാറിന്റെയും, ജോയിന്‍ ഡയറക്ടര്‍ ഗണേഷ് കുമാറിന്റെയും സാനിധ്യത്തിലായിരുന്നു അറസ്റ്റ്. നിയമനടപടികള്‍ കൃതൃമാക്കാനായി പ്രോസിക്യൂട്ടറെയും, ശിവശങ്കറിന്റെ ബന്ധുവിനെയും ഇഡി വിളിച്ചുവരുത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ രാത്രിതന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി.

 

https://www.facebook.com/JaihindNewsChannel/videos/366245694620279

Comments (0)
Add Comment