സ്വർണ്ണ കടത്ത് ക്വട്ടേഷൻ ബന്ധം: എം. ഷാജറിന് എതിരെ മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നൽകിയ പരാതി പുറത്ത്

Jaihind Webdesk
Wednesday, June 26, 2024

 

കണ്ണൂര്‍: സ്വർണ്ണ കടത്ത് ക്വട്ടേഷൻ ബന്ധം വിവാദത്തില്‍ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നൽകിയ പരാതി പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്‍റെ പേരെടുത്ത് പറഞ്ഞാണ് മനു തോമസിന്‍റെ പരാതി.

ഡിവൈഎഫ്ഐയുടെ മുൻ ജില്ല സെക്രട്ടറിയായിരുന്ന എം. ഷാജറിന് എതിരെ മനു തോമസ് പരാതി നൽകിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം. വി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്‍റെ പരാതിയില്‍ പറയുന്നത്. 2023 ഏപ്രിലിലാണ്  മനു തോമസ് സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതിയായി കത്ത് നൽകിയത്. താൻ പറഞ്ഞ പരാതിയുടെ തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയിൽ പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നൽകിയിരിക്കുന്നത്.

ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പറയുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയതെന്നും മനു തോമസ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മനു തോമസ് പാർട്ടിയിൽ നിന്ന് പുറത്ത് ആയതോടെ നടത്തുന്ന പ്രതികരണങ്ങൾ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കുന്നത്.