കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്‍റെ പാഴ്ചിലവുകൾക്ക് കുറവില്ല

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പാഴ്ചിലവുകൾക്ക് കുറവില്ല. വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പറയുമ്പോഴും ആഡംബര വാഹന പർച്ചേസ് തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ ആഡംബരത്തിന് കുറവില്ല.

ഈ മാസം ഏഴിന് അവതരിപ്പിച്ച ബജറ്റിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി കാറുകള്‍ വാങ്ങുന്നതിനു പകരം വാടകയ്‌ക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ചിലവു ചുരുക്കലിന്‍റെ ഭാഗമായാണ് തീരുമാനമെന്നും ധനമന്ത്രി വിശദീകരിച്ചു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഗ്രാമവികസന കമ്മീഷണറേറ്റിലേക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നല്‍കിയത്. ഈ മാസം 17-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.

ഇലക്ട്രിക്ക് കാറുകള്‍ വാടകയ്ക്ക് എടുത്താല്‍ 1000 വണ്ടിക്ക് 7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍, ബജറ്റിനോടൊപ്പം നിയമസഭയില്‍ വച്ച ഉപധനാഭ്യര്‍ഥനയില്‍ ഡല്‍ഹിയിലെ കേരള ഹൗസിലടക്കം എട്ടു വാഹനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിരുന്നു. ധനകാര്യ വകുപ്പ് സ്വീകരിക്കുന്ന പല തീരുമാനങ്ങളും അതേ വകുപ്പ് തന്നെ ലംഘിക്കുന്ന വിചിത്രമായ നിലപാടുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

വാഹനങ്ങള്‍ മാസവാടകയിലേയ്ക്ക് മാറുന്നതിനുള്ള ഉത്തരവ് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ പ്രഖ്യാപനങ്ങളെയെല്ലാം കാറ്റിൽ പറത്തി സർക്കാർ ധൂർത്ത് തുടരുകയണ്‌.

VehiclesLuxuryGovernment
Comments (0)
Add Comment