പാചകവാതക വിതരണം നിലയ്ക്കും; നവംബര്‍ 5 മുതല്‍ എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക്

Saturday, October 14, 2023

നവംബര്‍ അഞ്ച് മുതല്‍ എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വേതന കരാറില്‍ അനുകൂല തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നടപടി. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും.ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. ഡിസംബറില്‍ കാലാവധി കഴിഞ്ഞ വേതന കരാറില്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇന്നലെ നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ മുതല്‍ തൊഴിലാളികള്‍ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു.

വിവിധ യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി സംസ്ഥാനത്തെ 7 പ്ലാന്റ്‌റുകളിലാണ് സൂചന പണിമുടക്ക് നടത്തുന്നത്. നവംബര്‍ അഞ്ചു മുതല്‍ അനശ്ചിത കാല പണിമുടക്കിലേക്ക് തൊഴിലാളികള്‍ ഇറങ്ങും. പാചകവാതകം നിറയ്ക്കാനുള്ള സിലിണ്ടറുകള്‍ 200ല്‍ അധികം ട്രക്കുകളില്‍ ആയി പ്ലാന്റിന് പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അനിശ്ചിതകാല പണിമുടക്ക് കൂടി വരുന്നതോടെ സംസ്ഥാനത്തെ പാചകവാതക വിതരണത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്.