യുഎഇയില്‍ 50 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ കമ്പനികളില്‍ 2026 മുതല്‍ 10% സ്വദേശികള്‍ നിര്‍ബന്ധം; നഷ്ടപ്പെടുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ തൊഴിലവസരം

Elvis Chummar
Tuesday, May 10, 2022

 

ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു. ഇതനുസരിച്ച് അമ്പത് ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (നൈപുണ്യം) വിഭാഗത്തില്‍ ഇനി പ്രതിവര്‍ഷം രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം. 2026 വര്‍ഷം മുതല്‍ ഇത് പത്ത് ശതമാനമാക്കി വര്‍ധിപ്പിക്കാനും യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇപ്രകാരം യുഎഇ സ്വദേശികളെ സ്വകാര്യ കമ്പനികളില്‍ ജോലിക്ക് നിയമിക്കുന്നതിന് രാജ്യത്ത് പുതിയ സംവിധാനം നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇതോടൊപ്പം സ്വദേശികളെ ജോലിക്ക് വെക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ വാഗ്ദാനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.