ലൈംഗിക പീഢനകേസ് : ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്


ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുംബൈ പൊലീസാണ് ബിനോയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ദിൻദോഷി സെഷൻസ് കോടതിയുടെ ഉത്തരവ് നാളെ വരാനിരിക്കെയാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ചയിലേറെ കേരളത്തിൽ പരിശോധന നടത്തിയിട്ടും മുംബൈയിൽ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളിൽ പോയി നോട്ടീസ് നൽകിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.

മുംബൈയിൽ നടക്കുന്ന അന്വേഷണവും കാര്യമായി മുന്നോട്ട് പോകുന്നില്ല. മൊഴിനൽകാനും കേസിൻറെ വിവരങ്ങൾ ആരായാനുമായി പരാതിക്കാരി മൂന്ന് തവണ ഓഷിവാര സ്റ്റേഷനിലെത്തിയിരുന്നു. ഒരാഴ്ചയിലേറെയായി ഒളിവിലുള്ള ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കേസന്വേഷണം മുന്നോട്ടുപോകൂ. അതേസമയം, വ്യാഴാഴ്ച കോടതിയിൽ നിന്നും ജാമ്യം കിട്ടിയാൽ പൊലീസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് എന്നാണ് സൂചന.

Comments (0)
Add Comment