അഖിലിനെ കുത്തിയ എസ്.എഫ്.ഐ ഗുണ്ടകള്‍ക്കുവേണ്ടി പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്

Jaihind Webdesk
Sunday, July 14, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമത്തിന് മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും തെരച്ചില്‍ നടത്താനും പോലീസ് തീരുമാനിച്ചു. അതേസമയം കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പി.എസ്.സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷ എഴുതിയതെന്നാണ് സൂചന.

ഇവരെ കണ്ടുകിട്ടുന്നവര്‍ 9497987000, 9497980040, 9497980041 ,04712330248 നമ്പരുകളില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. അക്രമിച്ചവരില്‍ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി കുത്തേറ്റ അഖിലിന്റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ആളുകളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താന്‍ പോലീസ് തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമമുണ്ടായി രണ്ട് ദിവസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. എന്നാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഓഫീസുകളിലും മറ്റും പരിശോധന നടത്താന്‍ പോലീസ് തയാറാകാത്തതിലും ആക്ഷേപം ശക്തമായി. മുഖ്യ പ്രതികളെ കൂടാതെ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിലൊരാളായ നേമം സ്വദേശി ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ പോലീസിനെതിരായ ആരോപണങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. തുടര്‍ന്നാണ് മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനമായത്. കോടതിയുടെ അനുമതിയോടെയാകും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുക.

അതേസമയം പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവവും അന്വേഷിക്കാന്‍ തീരുമാനമായി. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്ന കാര്യമാകും അന്വേഷണ പരിധിയില്‍ വരിക. കുടാതെ പരീക്ഷയില്‍ പാസായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും. ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കും രണ്ടാം പ്രതിയായ നസീമിന് പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുമാണ്. ഇരുവരും പി.എസ്.സി റാങ്ക് പട്ടികയില്‍ വന്നതില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം.