ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി നെട്ടോട്ടത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. രണ്ടുതവണ എം.പിമാരായ എ. സമ്പത്തിനെയും എം.ബി. രാജേഷിനെയും പി. കരുണാകരനെയും മാറ്റിയാല്‍ ജനസമ്മതിയുള്ള സ്ഥാനാര്‍ത്ഥികള്‍ സി.പി.എം നേതൃത്വത്തിനില്ല. കാസര്‍കോട് കരുണാകരനെ മാറ്റിനിര്‍ത്തിയാല്‍ പകരം ആര് എന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തെ കുഴക്കുകയാണ്. കഴിഞ്ഞ തവണ കഷ്ടിച്ചായിരുന്നു കരുണാകരന്‍ കരകയറിയത്. എന്നാല്‍, ആറ്റിങ്ങലില്‍ നിന്ന് സമ്പത്തിനെ മാറ്റിയാല്‍ പകരം ഒരു സ്ഥാനാര്‍ത്ഥി ആര് എന്ന ചിന്തയും പാര്‍ട്ടി നേതൃത്വത്തെ കുഴയ്ക്കുന്നു. ആനത്തലവട്ടം ആനന്ദന്‍റെയും എ.എ. റഹീമിന്‍റെ പേരുകള്‍ വരുന്നുണ്ടെങ്കിലും സമ്പത്തില്ലെങ്കില്‍ പരാജയമായിരിക്കുമെന്നാണ് പ്രദേശിക സി.പി.എം നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പാലക്കാട് എം.ബി. രാജേഷ് പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഇപ്പോള്‍ അനഭിമതനാണ്. പി.കെ. ശശി എം.എല്‍.എക്കെതിരെയുള്ള ലൈംഗിക ആരോപണത്തിന്‍റെ സൂത്രധാരന്‍ രാജേഷാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.
പ്രകാശ് കാരാട്ടിന്റെ പേര് പാലക്കാട്ടേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും വിജയം അത്ര ഉറപ്പില്ലായെന്നുതന്നെയാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം കരുതുന്നത്. എറണാകുളത്താണെങ്കില്‍ പേരിനുപോലും ഒരു പാര്‍ട്ടിക്കാരനെ തന്നെ നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സിനിമാ നടി റിമാ കല്ലിങ്കലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പരിഗണനയിലുള്ള മുഖ്യപേര്. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനെതിരെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി സി.പി.എമ്മിനില്ല. കെ.സിയുണ്ടെങ്കില്‍ മത്സരത്തിനില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എ. ആരിഫ് എം.എല്‍.എയും മുന്‍ എം.പി സുജാതയുടെയും പേരുകള്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ വിജയസാധ്യത പരിമിതമാണെന്നാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പണ്ഡിതന്‍മാരുടെ തന്നെ കണക്കുകൂട്ടല്‍. ചാലക്കുടിയില്‍ ഇന്നസെന്റിനെ മാറ്റുമ്പോള്‍ പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി. പി. രാജീവിന്റെ പേര് ഉയര്‍ത്തികൊണ്ടുവരുന്നുണ്ടെങ്കിലും വിജയം എളുപ്പമല്ല എന്ന് സി.പി.എം നേതൃത്വം തന്നെ വിലയിരുത്തുന്നു.
കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് എടുത്താലും സ്ഥാനാര്‍ത്ഥി ഇല്ലായെന്നതാണ് അവസ്ഥ. മുന്‍ ജില്ലാ സെക്രട്ടറി കെ.ജെ. തോമസും ഹരികുമാറുമാണ് പട്ടികയിലെങ്കിലും ഇവര്‍ക്ക് ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. വടകരയിലും കോഴിക്കോടും സി.പി.എം വിജയസാധ്യത കല്‍പ്പിക്കുമ്പോഴും സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള നെട്ടോട്ടത്തിലാണ് സി.പി.എം നേതൃത്വം. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെതിരെ ബാലഗോപാലിനാണ് മുഖ്യ പരിഗണനയെങ്കിലും വിജയം അകലെയായിരിക്കുമെന്ന് തന്നെയാണ് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും വിലയിരുത്തല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ ഇതുവരെ എത്ര തലപുകഞ്ഞ് ആലോചിച്ചിട്ടും സി.പി.ഐക്കും ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പന്ന്യന്‍ രവീന്ദ്രന്റെ പേരിനാണ് മുന്‍ഗണനയെങ്കിലും പന്ന്യന്‍ മത്സരിക്കുന്നില്ലായെന്ന് കട്ടായം പറഞ്ഞെങ്കിലും പന്ന്യനെ അനുനയിപ്പിക്കാനുള്ള ശ്രമവും സി.പി.ഐക്കുള്ളില്‍ നടക്കുന്നുണ്ട്. കണ്ണൂരില്‍ സി.പി.എം പി. ജയരാജനെ മത്സരിപ്പിച്ച് പാര്‍ട്ടിയില്‍ ജയരാജനുള്ള അപ്രമാദിത്വം ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ജയരാജന്‍ യെസ് മൂളിയിട്ടില്ലെന്നാണ് അറിയുന്നത്. വയനാടും മലപ്പുറവും പൊന്നാനിയും പേരിനുപോലും മത്സരിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.
ഇതിനിടെ ഇന്നലെ പുറത്തുവന്ന സര്‍വ്വേ ഫലങ്ങള്‍ കൂടിയായപ്പോള്‍ എല്‍.ഡി.എഫില്‍ പരാജയ ഭീതി ഉയര്‍ന്നിരിക്കുകയാണ്.