തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 70.80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തപാൽ വോട്ടുകൾ ഉള്‍പ്പെടെയുള്ള അന്തിമ കണക്കില്‍ വീണ്ടും മാറ്റം വന്നേക്കാം. കനത്ത ചൂടും മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പും പോളിംഗിനെ ബാധിച്ചതായാണ് സൂചന.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 77.84 ശതമാനവും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം. കനത്ത ചൂടും വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പുമെല്ലാം വോട്ടിംഗ് ശതമാനത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. പലയിടത്തും രാത്രി 11 മണി വരെ വോട്ടെടുപ്പ് നീണ്ടു. സംസ്ഥാനത്തെ 25,231 പോളിംഗ് ബൂത്തുകളിൽ ആറായിരത്തിലധികം എണ്ണത്തിൽ വൈകിട്ട് 6 മണിക്കു ശേഷവും വോട്ടെടുപ്പ് നീണ്ടു. 10 ശതമാനം ബൂത്തുകളില്‍ രാത്രി 8 മണി കഴിഞ്ഞും വോട്ടെടുപ്പ് തുടർന്നു. ആയിരത്തിലേറെ ബൂത്തുകളില്‍ 9 മണിക്ക് ശേഷവും വോട്ട് ചെയ്യാനെത്തിയവർ കാത്തുനില്‍ക്കേണ്ടിവന്നു. രാത്രി 11 മണിയോടെയാണ് വോട്ടിംഗ് പൂർത്തിയായത്.
വടകരയിലും ( 77.66%) കണ്ണൂരുമാണ് (77.23%) ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ 63.35%.
20 മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ബ്രാക്കറ്റില്‍ 2019 ലെ കണക്ക്.
തിരുവനന്തപുരം 66.43% (73.74)
ആറ്റിങ്ങൽ 69.40% (74.48)
കൊല്ലം 67.97% (74.73)
പത്തനംതിട്ട 63.35% (74.3)
മാവേലിക്കര 65.91% ( 74.33)
ആലപ്പുഴ 74.41% (80.35)
കോട്ടയം 65.60% (75.47)
ഇടുക്കി 66.43% (76.36)
എറണാകുളം 68.27% (77.64)
ചാലക്കുടി 71.84% (80.51)
തൃശൂർ 72.20% (77.94)
പാലക്കാട് 73.37% (77.77)
ആലത്തൂർ 73.20% (80.47)
പൊന്നാനി 69.04% (74.98)
മലപ്പുറം 72.84% (75.5)
കോഴിക്കോട് 75.16% (81.7)
വയനാട് 73.26% (80.37
വടകര 77.66% (82.7)
കണ്ണൂർ 77.23% 83.28)
കാസർകോട് 75.29% (80.66)
സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയ 9 പേർക്കാണ് ജീവന്‍ നഷ്ടമായത്. 9 പേർ കുഴഞ്ഞുവീണും ഒരാൾ വോട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലുമാണ് മരിച്ചത്. സിപിഎമ്മിന്‍റെ വ്യാപക കള്ളവോട്ട് ശ്രമങ്ങളും അങ്ങിങ്ങ് അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. കള്ളവോട്ടിന് ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായി. മറ്റൊരു സിപിഎം പ്രവർത്തകന്‍ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് വടക്കൻ വെളിയനാട് പോളിംഗ്ബൂത്തിനു സമീപം സിപിഎം പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. സിപിം പ്രവർത്തകനെ മഴു കൊണ്ട് വെട്ടിയ പാർട്ടി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.