ദുരിതാശ്വാസനിധി ഹർജി തള്ളി ലോകായുക്ത; സത്യസന്ധമായ വിധിയല്ലെന്ന് ഹർജിക്കാരന്‍, ഹൈക്കോടതിയെ സമീപിക്കും

Jaihind Webdesk
Monday, November 13, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ ചെയ്ത ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കിയ ഹർജിയാണ് തള്ളിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം സത്യസന്ധമായ വിധിയല്ലെന്ന് ഹർജിക്കാരനായ ആർ.എസ്. ശശികുമാർ പ്രതികരിച്ചു. ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും മുട്ടിലിഴയുകയാണെന്നും അദ്ദേഹം പറഞ്ഞു.  നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ആർ.എസ്. ശശികുമാർ വ്യക്തമാക്കി.