ലോക കേരളസഭയിലെ സ്പോണ്‍ഷർഷിപ്പ് ബക്കറ്റ് പിരിവിന്‍റെ പരിഷ്കൃത രൂപം; പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നതുപോലെ തട്ടിപ്പും വെട്ടിപ്പുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, June 2, 2023

 

തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവ് ആരു പറഞ്ഞിട്ടാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ വരേണ്യ വർഗത്തിനുള്ള ഏർപ്പാടാണ്. പ്രവാസികൾക്ക് ഈ സഭ കൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബക്കറ്റ് പിരിവിന്‍റെ പരിഷ്‌കൃത രൂപമാണ് അമേരിക്കയിലെ പിരിവെന്നും കണ്ണടച്ചുള്ള തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ധൂർത്താണെന്ന് മനസിലാക്കിയാണ് ലോക കേരള സഭ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനും പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നതുപോലെയുള്ള തട്ടിപ്പും വെട്ടിപ്പും നടക്കുകയാണ്. ലോക കേരളസഭ കൊണ്ട് പ്രവാസി ലോകത്തിന് എന്തു പ്രയോജനമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് എന്തു ഗുണമാണ് ഉണ്ടായത്. ബക്കറ്റ് പിരിവ് നടത്തി ശീലമുള്ളവർ അതിന്‍റെ പരിഷ്‌കരിച്ച പതിപ്പായാണ് സ്‌പോൺഷർഷിപ്പ് എന്ന ഓമനപ്പേരിൽ ഇപ്പോൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.