കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെയും ധൂർത്ത്; ലോക കേരള സഭയ്ക്കായി പണമൊഴുക്കാന്‍ സർക്കാർ

Jaihind Webdesk
Wednesday, June 8, 2022

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എല്ലാ വകുപ്പുകളുടെയും ചെലവുകൾക്ക് ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം അടുത്തയാഴ്ച ആരംഭിക്കുന്ന ലോക കേരളസഭ സമ്മേളനത്തിന് ഇടംവലം നോക്കാതെ പണമൊഴുക്കാൻ തയാറെടുക്കുകയാണ് സംസ്ഥാന സർക്കാർ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞത് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ്. ഒരു വശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും മറുവശത്ത് ദുർചെലവുകൾ തുടരുകയാണ് സംസ്ഥാന സർക്കാർ. അടുത്തയാഴ്ച ആരംഭിക്കുന്ന ലോക കേരളസഭ സമ്മേളനത്തിന് ഇടംവലം നോക്കാതെ പണമൊഴുക്കാൻ തയാറെടുക്കുകയാണ് സർക്കാർ. ഈ മാസം 16ന് കനകക്കുന്ന് നിശാഗന്ധിയിലെ ഉദ്ഘാടന ആഘോഷത്തിന് മാത്രം ചെലവ് 35 ലക്ഷത്തിലേറെ രൂപയാണ്. അതിൽ 30 ലക്ഷം ചെലവിടുന്നത് ഉദ്ഘാടന ശേഷമുള്ള കലാസന്ധ്യയ്ക്കായാണ്. അതിഥികൾക്കു ഭക്ഷണമൊരുക്കാൻ ഒന്നരക്കോടിയിലേറെ രൂപയുടെ വരെ ക്വട്ടേഷനും നോർക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഖജനാവിൽ പണമില്ലെങ്കിലും ഒന്നിനും ഒരു കുറവും വരുത്തരുതെന്ന് നിർദേശമുള്ളതിനാൽ പരമാവധി ആഢംബരം ഉറപ്പാക്കാനാണ് മുഖ്യ സംഘാടകരായ നോർക്കയുടെ നീക്കം. രാജ്യത്തിന് അകത്തും പുറത്തും നിന്ന് അഞ്ഞൂറോളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ലോക കേരളസഭ 16 മുതൽ 18 വരെയാണ്. കഴിഞ്ഞതവണ ഏറ്റവുമധികം വിമർശനം ഉയർന്ന ഭക്ഷണച്ചെലവിൽ ഇക്കുറിയും നിയന്ത്രണമില്ല. ജില്ലയിലെ 4 പ്രമുഖ ഹോട്ടലുകൾ ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള മാസ്‌കറ്റ് ഹോട്ടലും ക്വട്ടേഷൻ നൽകിയിട്ടുണ്ടെങ്കിലും സംഘാടകർക്ക് താൽപര്യമുള്ള സ്വകാര്യ ഹോട്ടലിനെ തെരഞ്ഞെടുക്കാനാണ് സാധ്യത.

2020 ലാണ് പ്രതിനിധികൾ നേരിട്ട് പങ്കെടുത്ത ലോക കേരളസഭ തലസ്ഥാനത്ത് ചേർന്നത്. അന്നു ഭക്ഷണത്തിനായി 60 ലക്ഷം രൂപയുടെ ബിൽ ലഭിച്ചു. ഒരാൾക്ക് 1,700 രൂപയും നികുതിയും ചേർത്താണു ഭക്ഷണച്ചെലവായി കണക്കുകൂട്ടിയത്. ഇതു വിവാദമായതോടെ ഭക്ഷണത്തുക വേണ്ടെന്നുവെച്ചതായി കോവളത്തെ സ്വകാര്യ ഹോട്ടൽ വ്യക്തമാക്കി.  ഇത്തവണ സഭയ്ക്കായി ഒന്നരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പോക്കനുസരിച്ച് ചെലവ് അതിന്‍റെ ഇരട്ടി കവിയും. 25 ലക്ഷത്തിനു മേലുള്ള എല്ലാ ബില്ലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കെയാണ് ധൂർത്ത്.