കൊലക്കത്തി രാഷ്ട്രീയക്കാരനായ ജയരാജനുവേണ്ടി വോട്ട് ചോദിക്കില്ല; വീരന്റെ പാര്‍ട്ടിയില്‍ കലാപം

Jaihind Webdesk
Saturday, March 9, 2019

പി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിൽ വടകര ലോക്‌സഭാ മണ്ഡലത്തിലെ ലോക് താന്ത്രിക് ജനദാദളിൽ കലാപം. ജയരാജനുവേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് എൽ.ജെ.ഡിയിലെ ഒരു വിഭാഗം പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനേയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ച് കഴിഞ്ഞു.

വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പി ജയരാജനെ പ്രഖ്യാപിച്ചത് ഇടതുമുന്നണിയിൽ പ്രവേശിച്ച എംപി വീരേന്ദ്ര കുമാറിന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനദാദൾ പ്രവർത്തകർ ഒരുവിഭാഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളായ വടകരയിലും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലും എൽജെഡിക്ക് മോശമല്ലാത്ത വോട്ടുബാങ്കുണ്ട്. എന്നാൽ സാധാരണ എൽജെഡി പ്രവർത്തകർക്ക് ജയരാജന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാകുന്നില്ല.

കൊലപാതക രാഷ്ട്രീയ പശ്ചാത്തലമുള്ള, അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിഭാഗത്തുള്ള പി.ജയരാജനുവേണ്ടി എങ്ങനെ വോട്ടുചോദിക്കുമെന്ന് സാധാരണ പ്രവർത്തകർ നേതാക്കളോട് ചോദിക്കുന്നത്. ഇതിന് പുറമെ ടിപി ചന്ദ്രശേഖരൻ കേസും വടകരയുടെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായി നിറഞ്ഞു നിൽക്കുന്നതാണ് . കഴിഞ്ഞ ദിവസം വരെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രചരണവും പ്രസംഗവും നടത്തിയവരാണ് വടകരയിലെ എൽജെഡി പ്രവർത്തകർ. അതുകൊണ്ട് തന്നെ പ്രചരണ പ്രവർത്തന രംഗത്തുണ്ടാകില്ലെന്ന് വലിയൊരു വിഭാഗം എൽജെഡി പ്രവർത്തകർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാൽ മുന്നണിയിലെ അഭിമാനം എന്ന നിലക്ക് പ്രവർത്തിക്കണമെന്ന് ആവശ്യപ്പട്ടിട്ടുണ്ടെങ്കിലും പ്രവർത്തന രംഗത്ത് ഉണ്ടാകില്ലെന്ന് എൽ ജെഡി പ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും മുന്നണിയിലും എൽജെഡിയിലും വരുംദിവസങ്ങളിൽ കലാപം പടരുമെന്ന് തന്നെയാണ് വടകരയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ