പൊലീസ് നോക്കുകുത്തി; മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബാർ ഹോട്ടലുകൾക്ക് മുന്നിൽ ആളുകളുടെ നീണ്ട നിര

കണ്ണൂരിൽ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള സാമൂഹ്യ അകലം ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മദ്യം വാങ്ങാനായി ബാർ ഹോട്ടലുകൾക്ക് മുന്നിൽ ആളുകളുടെ നീണ്ട നിര. മാസ്ക് പോലും ഉപയോഗിക്കാതെയാണ് ബാർ ഹോട്ടലുകൾക്ക് മുൻപിൽ മദ്യം വാങ്ങാനായി ആളുകൾ തടിച്ച് കൂടിയത്. ആളുകളെ നിയന്ത്രിക്കേണ്ട പൊലീസാവട്ടെ നോക്കുകുത്തിയായി.

കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ച കണ്ണൂരിലാണ് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂടി നിൽക്കുന്നത്. കണ്ണൂരിലെയും, സമീപ പ്രദേശങ്ങളിലെയും വിവിധ ബാർ ഹോട്ടലുകൾക്ക് മുന്നിലെ അവസ്ഥ ആണിത്. നൂറു കണക്കിന് ആളുകളാണ് മദ്യം വാങ്ങാനായി എത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സാമൂഹ്യ അകലം ഇവിടെ ആരും ഇവിടെ പാലിക്കുന്നില്ല. മാസ്ക് ഉപയോഗിക്കാതെ തുവാല കൊണ്ട് മുഖം മറച്ചാണ് ആളുകൾ നിൽക്കുന്നത്.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആളുകൾ കൂട്ടമായി നിൽക്കാൻ പാടില്ല എന്ന് സർക്കാർ സംവിധാനങ്ങൾ നിരന്തരം പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ മദ്യം വാങ്ങാൻ അതൊന്നും ബാധകമല്ലെന്നാണ് ഇവരുടെ വാദം.

സമ്പർക്കത്തിലൂടെ കൊവിഡ് പകരാൻ സാധ്യത ഉള്ളതിനാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഈ അവസ്ഥ.  സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി എടുക്കേണ്ട പൊലീസാവട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.  മദ്യ വിൽ‌പന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനായി സർക്കാർ കൊണ്ടുവന്ന സംവിധാനങ്ങളുടെ പരാജയമാണ് ഇതിന് കാരണമായിരിക്കുന്നത്. ബാർ ഹോട്ടലുകൾക്ക് മുൻപിൽ തടിച്ച് കൂടിയവർക്കെതിരെ നടപടി എടുക്കാൻ ജില്ലാ ഭരണകൂടവും തയ്യാറാകുനില്ല.

Comments (0)
Add Comment