ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് നാട്ടിലെത്താന്‍ സഹായമേകി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി; തുണയായി ജയ്ഹിന്ദ് ടി.വിയുടെ ‘അതിജീവനകാലം’ പരിപാടിയും, നന്ദി പറഞ്ഞ് യുവതി| VIDEO

Jaihind News Bureau
Thursday, May 14, 2020

 

ലോക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണിയായ യുവതിക്ക് നാട്ടിലെത്താന്‍ സഹായമേകി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. മക്കയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ഷംനയ്ക്കാണ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ അവസരമൊരുങ്ങിയത്. ജയ്ഹിന്ദ് ടിവി യുടെ ‘അതിജീവനകാലം’ പാരിപാടിയും ഷംനക്ക് നാട്ടിലേക്കുള്ള മടക്കത്തിന് തുണയായി.

ഗര്‍ഭിണിയായതിനാല്‍ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷംന. എന്നാല്‍ അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര റദ്ദാകുകയും തുടര്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ട് നേരിടേണ്ടി വരുകയും ചെയ്തു. ഇതിനിടെ ജയ്ഹിന്ദ് ടി.വിയിലെ ‘അതിജീവനകാലം’ പരിപാടിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പങ്കെടുക്കുന്നതറിഞ്ഞ ബന്ധുവായ ഉബൈദ് പരിപാടിയിലേക്ക് വിളിച്ച് ഷംനയുടെ ദുരവസ്ഥ എം.പി യുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു.

ഷംന ഏഴ് മാസം ഗര്‍ഭിണി ആണെന്നും സഹായത്തിന് ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഷംനക്ക് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.  എംബസിയുമായും അവിടുത്തെ ഒ.ഐ.സി.സി പ്രതിനിധികളുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാമെന്ന് എം.പി ഉറപ്പ് നല്‍കുകയും തുടര്‍ന്ന് അതിന് വേണ്ടിയുളള ഇടപെടലുകള്‍ നടത്തുകയും ചെയ്തു.

ദിവസങ്ങള്‍ക്കുള്ളില്‍ ഷംനയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ നാട്ടിലേത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എം.പി യുടെ നിര്‍ദേശ പ്രകാരം ഒ.ഐ.സി. സിയുടെ നേതൃത്വത്തില്‍ ഇതിനുളള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഇതിന് പിന്നാലെ ഷംന നാട്ടിലേക്ക് വിമാനം കയറുകയും ചെയ്തു.നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ പരിശ്രമം നടത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും ഒഐസിസി ഭാരവാഹികള്‍ക്കും ഷംന നന്ദി അറിയിച്ചു. വിദേശത്ത് കുടുങ്ങിയവര്‍ക്കായി നിരവധി ഇടപെടലുകളാണ് എന്‍,കെ.പ്രേമചന്ദ്രന്‍ എം.പി യുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

 

https://www.youtube.com/watch?v=C-ENAV981Bg