ലോക്ഡൗൺ നിയന്ത്രണം: കണ്ണൂരിൽ കളക്ടറും എസ്പിയും തമ്മിൽ പോര് മുറുകുന്നു; ഹോട്സ്പോട് അല്ലാത്തിടത്ത് പൊലീസ് തീർത്ത ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറുടെ കത്ത്

Jaihind News Bureau
Wednesday, April 29, 2020

 

കണ്ണൂരിൽ ലോക്ഡൗൺ നിയന്ത്രണത്തിന്‍റെ പേരിൽ ജില്ലാ കളക്ടറും എസ്പിയും തമ്മിൽ പോര് മുറുകുന്നു.  ജില്ലയിൽ ഹോട്സ്പോട് അല്ലാത്തിടത്ത് പൊലീസ് തീർത്ത ബാരിക്കേഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടറുടെ കത്ത്. കൊവിഡ് നിയന്ത്രണത്തിൽ പൊലീസ് ജില്ലാഭരണ കൂടവുമായി കൂടിയാലോചന നടത്തുന്നില്ലെന്നും എസ്പിക്ക് അയച്ച കത്തിൽ ജില്ലാ കളക്ടർ. ഐ ജി യുടെ നിർദ്ദേശപ്രകാരമാണ് റോഡ് അടച്ചതെന്നാണ് എസ്പിയുടെ മറുപടി.

ഹോട്സ്പോടുകൾ അല്ലാത്ത ഇടങ്ങളിൽ പൊലീസ് റോഡ് ഉപരോധിച്ച് ജനജീവിതം തടഞ്ഞതിന് എതിരായാണ് ജില്ലാ കളക്ടറുടെ കത്ത്. ഹോട്സ്പോട്ടുകളിൽ മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ പാടൂള്ളൂ എന്നതാണ് സർക്കാർ തീരുമാനമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പ് ഉണ്ടായിട്ടും പുതിയ നിയന്ത്രണമേഖലകള്‍ എന്തിന് ഉണ്ടാക്കിയെന്ന് തനിക്ക് വ്യക്തമായിട്ടില്ലെന്നും കത്തിലുണ്ട്. അതുകൊണ്ടുതന്നെ ഹോട് സ്പോട്ടുകൾ ഇല്ലാത്തിടത്ത് പുതിയ നിയന്ത്രണമേഖലകള്‍ നിശ്ചയിക്കേണ്ടതില്ലെന്നും അങ്ങനെ ചെയ്യുമ്പോൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ച ചെയ്യണമെന്നും കളക്ടർ അറിയിക്കുന്നു.

റോഡില്‍ ബാരിക്കേഡുകള്‍ തീര്‍ത്തതുകാരണം  ആംബുലൻസുകള്‍ പോലും തിരിച്ചുവിടേണ്ടി വന്നു. ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാനായില്ല. അതുകൊണ്ട് അടച്ച റോഡുകൾ തുറന്ന് റിപ്പോർട്ട് ചെയ്യാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല ജില്ലാ പൊലീസ് മേധാവി കളക്ടറേറ്റിൽ നടക്കുന്ന സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും ഇനി മുതൽ യോഗങ്ങളിൽ പങ്കെടുക്കണമെന്നും കത്തിലുണ്ട്.

എന്നാൽ ഐ ജി യുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് എസ്പി മറുപടി നൽകി. ഐ ജി യുടെ നിർദേശം അനുസരിച്ചാണ് റോഡ് അടച്ചത്. അതിൽ വീഴ്ച ഉണ്ടായിട്ടില്ല.  ഐ ജിമാരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും എസ്പി നൽകിയ മറുപടിയിൽ പറയുന്നു. ഐ ജി വിജയ് സാഖറുടെ ഏക പക്ഷിയ ഇടപെടലിന് എതിരെയാണ് കളക്ടറുടെ കത്ത്. ഗ്രാമീണ റോഡ് ഉൾപ്പടെ അടച്ചത് സി പി എമ്മിലും വിമർശനത്തിന് കാരണമായിരുന്നു. ഹോട്ട് സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ വാഹന ഗതാഗതം പൂർണമായും തടഞ്ഞത് ജനങ്ങളുടെ എതിർപ്പിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി.