മുന്നൊരുക്കങ്ങളില്ലാതെ ലോക്ഡൗണ്‍ നീട്ടുന്നത് ജനങ്ങൾക്കിടയിൽ ആശങ്കയും പരിഭ്രാന്തിയും ഉളവാക്കും, ആശ്വാസനടപടികൾ കൈക്കൊള്ളാതെ കേന്ദ്രം ഇരുട്ടില്‍ തപ്പുന്നുവെന്ന് കെ സി വേണുഗോപാൽ

Jaihind News Bureau
Saturday, May 2, 2020

മുന്നൊരുക്കങ്ങളെ സംബന്ധിച്ച് വ്യക്തമായ പദ്ധതികൾ ഇല്ലാതെയും, അടച്ചിടൽ ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള നടപടികൾ ഒന്നും വ്യക്തമാക്കാതെയും രാജ്യവ്യാപക അടച്ചിടൽ നീട്ടുന്നത് ജനങ്ങൾക്കിടയിൽ ആശങ്കയും പരിഭ്രാന്തിയും ഉളവാക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. രാജ്യവ്യാപക അടച്ചിടൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ജനങ്ങളുടെ ആശങ്കകളും, പ്രതിസന്ധികളും പരിഹരിക്കുന്ന തരത്തിലുള്ള ആശ്വാസനടപടികൾ കൈകൊള്ളാതെ ഇരുട്ടിൽ തപ്പുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. ജനതാ കർഫ്യുവും, അതിനെ തുടർന്ന് നടപ്പിലാക്കിയ അടച്ചിടൽ പ്രഖ്യാപനങ്ങളും നടത്തിയെന്നല്ലാതെ, അതിനെ തുടർന്നുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ വേണ്ടവിധം അവലോകനം ചെയ്യാനോ, ക്ഷേമ നടപടികൾ കൈക്കൊള്ളാനോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സർക്കാരുകളുടെ മേൽ കെട്ടിവെച്ചു ഗാലറിയിൽ ഇരുന്ന് കളികാണുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ കാര്യത്തിലും ഈ നിർജീവ സമീപനമാണ് സർക്കാർ കൈക്കൊണ്ടത്. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പ്രത്യേക ട്രെയിൻ അനുവദിച്ചുവെന്നല്ലാതെ, അവരുടെ യാത്രാച്ചിലവ് വഹിക്കാനോ, അവശ്യ വസ്തുക്കൾ ലഭ്യമാക്കാനോ കേന്ദ്രസർക്കാർ തയ്യാറായില്ല. തുച്ഛമായ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവരും, ദിവസങ്ങളായി തൊഴിലില്ലാതെ ഏതുവിധേനയും നാട്ടിലെത്താൻ ആഗ്രഹിക്കുകയും ചെയ്തിരുന്ന ഇവരുടെ യാത്രാച്ചിലവ് സ്വയം വഹിക്കാനോ, സംസ്ഥാനങ്ങളോട് എറ്റെടുക്കാനോ ആവശ്യപ്പെട്ടു കൈകഴുകി രക്ഷപ്പെടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. വ്യകതമായ മുന്നൊരുക്കത്തോടെ, അതിഥി തൊഴിലാളികളെ വിശ്വാസത്തിലെടുത്തു ഘട്ടം ഘട്ടമായി അവരെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു മരിച്ചുവീഴുന്ന ഹതഭാഗ്യരുടെ വാർത്തകൾ ദിനം പ്രതി കേൾക്കേണ്ടി വരില്ലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

അടച്ചിടൽ ശാശ്വത പരിഹാരമല്ലെന്നും, പരിശോധനകൾ വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ കോവിഡ് വ്യാപനം തിരിച്ചറിയാനും, തടയാനും സാധിക്കൂ എന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും, രാജ്യത്തുടനീളം പരിശോധനകൾ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അടച്ചിടൽ അവസാന ഘട്ടത്തിൽ ആണെന്ന് പ്രഖ്യാപിക്കുമ്പോഴും, അതിനു ശേഷം സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ സംബന്ധിച്ച് യാതൊരു മുന്നൊരുക്കവും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇത് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ ആസൂത്രണവും, ഏകോപനവും ഉണ്ടാവുന്നില്ലെന്നുള്ളതിന്റെ ഉദാഹരണമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.