ഇരിട്ടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ ഭവന സന്ദര്‍ശന പരിപാടി മൂന്നാം ദിവസവും സംസ്ഥാനത്തെ വിവിധ വാര്‍ഡുകളില്‍ തുടരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഇന്ന് കണ്ണൂര്‍ പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഇരിട്ടി മുന്‍സിപ്പാലിറ്റിയിലെ വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ടൗണിലെ വിവിധ വീടുകളില്‍ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം അദ്ദേഹം സന്ദര്‍ശനം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്താണ് ഭവന സന്ദര്‍ശനം നടത്തുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും സണ്ണി ജോസഫ് വീട്ടുകാര്‍ക്ക് വിശദീകരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളോടുള്ള ജനങ്ങളുടെ ആശങ്കകള്‍ വീട്ടുകാര്‍ എം.എല്‍.എയുമായി പങ്കുവെച്ചു. നാളെ മുഴക്കുന്ന്, കണിച്ചാര്‍ എന്നിവിടങ്ങളിലും തുടര്‍ന്ന് കേളകത്തും ചൊവ്വാഴ്ച കരിക്കോട്ടക്കരി, പേരാവൂര്‍, കൊട്ടിയൂര്‍ മണ്ഡലങ്ങളിലും കെ.പി.സി.സി. പ്രസിഡന്റ് ഭവന സന്ദര്‍ശനം നടത്തും.