തദ്ദേശ തെരഞ്ഞെടുപ്പ് : സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും ; പത്രികാ സമര്‍പ്പണം നാളെ മുതല്‍

Jaihind News Bureau
Wednesday, November 11, 2020

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും.

രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണം. സ്ഥാനാർത്ഥികളുടെ വാഹനവ്യൂഹം അനുവദിക്കില്ല. ഒരു വാഹനത്തിന് മാത്രമേ അനുമതിയുണ്ടാകുകയുള്ളൂ, സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ ഉണ്ടാകാൻ പാടില്ല, പരമാവധി മൂന്ന് പേർ മാത്രമേ പത്രിക സമർപ്പണത്തിന് എത്താൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. മാസ്ക്, സാനിറ്റൈസർ, സമൂഹിക അകലം എന്നിവയും നിർബന്ധമാണ്. നവംബർ 19നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.