
ആലപ്പുഴ: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. തദ്ദേശ തിരഞ്ഞെടുപ്പിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയായിരിക്കണം പ്രവര്‍ത്തകരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരിശീലന നിശാക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടുമുള്ള ജനങ്ങളുടെ വെറുപ്പ് മുതലെടുക്കാന്‍ കോണ്‍ഗ്രസ് കാഴ്ചപ്പാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത വിവിധ നേതാക്കള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി വി.കെ. അറിവഴകന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രായോഗികമായ കാര്യങ്ങളെക്കുറിച്ചാണ് ക്യാമ്പ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ എ.എ. ഷുക്കൂര്‍, എം. ലിജു, കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും പരിശീലന ക്യാമ്പില്‍ പങ്കെടുത്തു.